ഏകാന്തതയേയാണ് താന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറയാറുണ്ട്. ആള്‍ക്കൂട്ടത്തെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. എപ്പോഴും ജനക്കൂട്ടങ്ങളുടെ നടുവിലായിരുന്നു അദ്ദേഹം. അധികാരത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും ജനങ്ങളുമായി ഒരു അകലമിടാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്ല. എംഎല്‍എ ഹോസ്റ്റലിലെ അദ്ദേഹത്തിന്റെ മുറി ഒരു സത്രമായിരുന്നുവെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എം. എം. ഹസന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജില്ലാ അടിസ്ഥാനത്തില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലൂടെ നിരവധി പേര്‍ക്ക് ആശ്വാസമേകാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞു. അധികാരത്തില്‍ ഇരിക്കുമ്പോള്‍ ദാര്‍ഷ്ട്യത്തോടെ അദ്ദേഹം പെരുമാറിയതായി ആരും പറയില്ല. ഒരിക്കല്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഗണേഷ് കുമാര്‍ വിഎസ് അച്യുതാനന്ദനെതിരെ അപകീര്‍ത്തികരമായ ഒരു പരാമര്‍ശം പത്തനാപുരത്ത് നടത്തി. പിറ്റേന്ന് നിയമസഭ സമ്മേളിച്ച വേളയില്‍ ആദ്യം അതിനെ അപലപിച്ച് ഖേദം പ്രകടിപ്പിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു.
ഒരിക്കല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിനോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു, അങ്ങയുടെ മുമ്പില്‍ കാണുന്ന രാഷ്ട്രീയ മുഖങ്ങളില്‍ ജാഗരൂഗതയോടെ മാത്രം നേരിടേണ്ട, മുന്നൊരുക്കങ്ങളിലൂടെ തന്നെ കരുനീക്കങ്ങള്‍ നടത്തേണ്ട നാളെ ഒരുപക്ഷെ വന്‍മരമായി വളര്‍ന്നേക്കാവുന്ന എതിര്‍ പക്ഷത്തെ മുഖങ്ങള്‍ എതൊക്കെ? രണ്ടാമതൊന്ന് ആലോചിക്കാതെ രണ്ടു പേരുകളാണ് ഇഎംഎസ് മറുപടിയായി പറഞ്ഞത്. അതിലൊന്ന് കെ. കരുണാകരനും മറ്റൊന്ന് അന്ന് താരതമ്യേന ജൂനിയറായിരുന്ന ഉമ്മന്‍ ചാണ്ടിയുമായിരുന്നു.
ഏറ്റവും കുറച്ച് സമയം മാത്രം ഉറങ്ങിയിരുന്ന നേതാവായിരുന്നു അദ്ദേഹം. പലപ്പോഴും യാത്രാ വേളകളില്‍ ഫയല്‍ നോക്കിയിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വയറലായിട്ടുണ്ട്.
ഭരണകക്ഷിയെ അലോസരപ്പെടുത്തുന്ന മാധ്യമപ്രവര്‍ത്തകരെയും മറ്റുള്ളവരെയും അധികാരമുപയോഗിച്ച് നിശബ്ദരാക്കുന്ന, ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമാകുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ഒരു നേതാവ് എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് ഒരിക്കല്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഇങ്ങനെ: ”രാഷ്ട്രീയത്തില്‍ ദുരഭിമാനം ഉണ്ടാകാന്‍ പാടില്ല. രാഷ്ട്രീയത്തില്‍ അസഹിഷ്ണുത ഉണ്ടാകാന്‍ പാടില്ല. വിമര്‍ശനമുണ്ടാകും. വിമര്‍ശനത്തെ സ്വാഗതം ചെയ്യണം. വിമര്‍ശനമില്ലെങ്കില്‍ അധികാരികള്‍ വഴിതെറ്റും. ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത അളാണ് ഞാന്‍ എന്ന ഭാവമുണ്ടായാല്‍ അത് തോന്നും പോലെ എന്തും ചെയ്യാം എന്ന ചിന്തയുണ്ടാകും. അത് ജനാധിപത്യത്തില്‍ നല്ലതല്ല.”
ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ ഒരു സൗമ്യമുഖം കൂടി കേരള രാഷ്ട്രീയത്തില്‍ നിന്ന് കൊഴിഞ്ഞു പോകുകയാണ്. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായ വ്യക്തി എന്ന നേട്ടവും ഉമ്മന്‍ ചാണ്ടിയുടെ പേരിലാണ്.