‘സരിത’ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് നേരെ ഉയര്‍ന്ന അടിസ്ഥാന രഹിതമായ ലൈംഗികാരോപണത്തില്‍ മൗനത്തിലൂടെ നല്‍കിയ ധാര്‍മ്മിക പിന്തുണ തെറ്റായി പോയെന്ന് ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍. മാധവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് പുതിയ വിവാദത്തിന് വഴിവച്ചു. ഏറെക്കുറെ ഉമ്മന്‍ ചാണ്ടിയുടെ തുടര്‍ ഭരണം പ്രതീക്ഷിച്ചിരുന്ന സമയത്താണ് സോളാര്‍ വിവാദം കത്തിക്കയറുന്നത്. വിവിധ മാധ്യമങ്ങള്‍ ഭരണത്തുടര്‍ച്ച തടയുകയെന്ന ലക്ഷ്യത്തോടെ, സോളാര്‍ വനിതയ്ക്ക് അമിത പ്രാധാന്യം നല്‍കിയാണ് വാര്‍ത്തകള്‍ ചമച്ചത്.
എന്നാല്‍ എക്കാലവും മാധ്യമ പ്രവര്‍ത്തകരോട് അനുഭാവപൂര്‍ണമായ പെരുമാറ്റമായിരുന്നു ഉമ്മന്‍ ചാണ്ടിയില്‍ നിന്നുമുണ്ടായത്. മാധ്യമങ്ങള്‍ വേട്ടയാടുമ്പോള്‍ പോലും ചെറുപുഞ്ചിരിയോടെ അദ്ദേഹം അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ‘കടക്കു പുറത്ത്’ എന്ന് പറയേണ്ടിയിരുന്ന അവസരങ്ങളില്‍ പോലും അദ്ദേഹം സൗമ്യത വെടിഞ്ഞില്ല. ആരോപണ ശരങ്ങളെത്തുടര്‍ന്ന് ജുഡിഷ്യല്‍ കമ്മീഷനു മുന്നില്‍ 14 മണിക്കൂറോളം ഇരിക്കേണ്ടി വന്നപ്പോഴും അദ്ദേഹം ഒരനിഷ്ടവും പ്രകടിപ്പിച്ചില്ല.
ഒരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഉമ്മന്‍ ചാണ്ടിയോട് ചോദിച്ചു, ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിക്കാന്‍ അവസരമുണ്ടായിരുന്നിട്ടും എന്തു കൊണ്ട് ‘സ്വപ്‌ന’ വിഷയം വേണ്ട രീതിയില്‍ പൊക്കിക്കൊണ്ടു വന്നില്ല? ചെറു പുഞ്ചിരിയോടെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം: ”പ്രതികാരം എന്റെ അജണ്ടയില്‍ ഇല്ല.”
മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകരില്‍ നല്ല പങ്കും ഒരു മുഖ്യമന്ത്രിയോടൊപ്പം കാറില്‍ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിയോടൊപ്പമായിരുന്നു. തിരക്കേറിയ ദിനചര്യകള്‍ക്കിടയില്‍ പല ചാനലുകള്‍ക്കും അഭിമുഖങ്ങള്‍ നല്‍കിയിരുന്നത് കാര്‍ യാത്രയ്ക്കിടെയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇത്രയേറെ വില നല്‍കിയ മുഖ്യമന്ത്രി കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നു വേണം പറയാന്‍.
ഏതു പാതിരാത്രിയിലും ഫോണില്‍ ലഭ്യമാകുന്ന മുഖ്യമന്ത്രി, ഓഫീസിലും വീട്ടിലും മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റിലാതെ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാണുവാന്‍ സാധിക്കുമായിരുന്ന മുഖ്യമന്ത്രി എന്നിങ്ങനെ ഉമ്മന്‍ ചാണ്ടിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ സൗമ്യതയും വിനയവും തന്നെയാണ്. അതുകൊണ്ടുതന്നെയാകാം ഉമ്മന്‍ ചാണ്ടിയുടെ അത്മകഥയുടെ അവതാരികയില്‍ മമ്മൂട്ടി ഇങ്ങനെ കുറിച്ചത്: ”ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്‍കിയിട്ടില്ല. നല്‍കുകയാണെങ്കില്‍ അത് മനുഷ്യ സ്‌നേഹത്തിനുള്ളതായിരിക്കും.”