നന്നായി പഠിച്ചൊരുങ്ങി പരീക്ഷയെഴുതിയിട്ടും പരാജയപ്പെടുന്ന നിരവധി പേരെ കണ്ടിട്ടുണ്ട്. ഇത്രയൊക്കെ അധ്വാനിച്ച് പഠിച്ചിട്ടും പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ കയറാന്‍ കഴിയാത്തത് എന്തുകൊണ്ടാകും? ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പരീക്ഷാ ഹാളില്‍ നിന്ന് തലകുനിച്ച് ഇറങ്ങേണ്ടി വരില്ല.

റിവിഷന്‍
നന്നായി പഠിച്ചു എന്നു പറയുന്ന പലരും പരീക്ഷാ ഹാളില്‍ കയറുന്നതുവരെ പുതിയ കാര്യങ്ങള്‍ ആക്രാന്തത്തോടെ പഠിക്കുന്നവരാണ്. പക്ഷെ, കുറഞ്ഞ സമയത്തിനുള്ളില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കേണ്ടി വരുമ്പോള്‍ എല്ലാം പുകമറ പോലെ തോന്നും. ചോദ്യം നല്ല പരിചയം തോന്നും പക്ഷെ, ഉത്തരം കൃത്യമായി അറിയില്ല. പരീക്ഷയ്ക്ക് 10 ദിവസം മുമ്പെങ്കിലും റിവിഷന്‍ തുടങ്ങാന്‍ ശ്രദ്ധിക്കണം.
കൃത്യമായ പ്ലാനിങ്
കഴിയുമെങ്കില്‍ ചോദ്യപേപ്പര്‍ രണ്ട് റൗണ്ടായി ചെയ്യുക. ആദ്യ റൗണ്ടില്‍ എളുപ്പം ഉള്ളതും നേരിട്ട് അറിയാവുന്നതുമായ ചോദ്യങ്ങളാണ് ചെയ്യേണ്ടത്. നന്നായി പഠിച്ച് ഒരുങ്ങിയവരാണെങ്കില്‍ പോലും മികച്ച നിലവാരുള്ള ചോദ്യപേപ്പറാണെങ്കില്‍ നൂറില്‍ അമ്പതില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ആദ്യ റൗണ്ടില്‍ ചെയ്യാന്‍ സാധിക്കില്ല. ചെയ്ത 50 ചോദ്യങ്ങളില്‍ തന്നെ കുറച്ച് നെഗറ്റീവ് മാര്‍ക്കും വന്നേക്കാം. അതായത് അറിയുന്ന ചോദ്യങ്ങള്‍ മാത്രം ചെയ്താല്‍ ലഭിക്കാവുന്നത് കൂടിപ്പോയാല്‍ 45 മാര്‍ക്ക്. ഈ മാര്‍ക്ക്‌കൊണ്ട് റാങ്ക് ലിസ്റ്റില്‍ കയറാന്‍ ഒരിക്കലും കഴിയില്ല.
‘പഠിച്ചാല്‍ മാത്രം പരീക്ഷ പാസാകില്ല.’ എന്ന് മത്സര പരീക്ഷകള്‍ എഴുതുന്നവര്‍ ഓര്‍ത്തിരിക്കണം. ലിസ്റ്റില്‍ ഇടംപിടിക്കണമെങ്കില്‍ ഓപ്ഷന്‍ എലിമിനേഷന്‍ മെത്തേഡ് ഉപയോഗിക്കണം. അതെങ്ങനെയെന്ന് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.
ചോദ്യം: താഴെ പറയുന്ന പ്രസ്താവനയില്‍ ശരിയായത് ഏത്?
i. പ്രസ്താവന 1, ii. പ്രസ്താവന 2, iii. പ്രസ്താവന 3,
ഓപ്ഷനുകള്‍ A) i, ii, iii B) ii, iii C) ii മാത്രം D) i, iii
ഇതില്‍ രണ്ടാം പ്രസ്താവന തെറ്റാണ് എന്ന് മനസ്സിലാക്കിയാല്‍ വളരെ വേഗം D എന്ന ഉത്തരത്തില്‍ എത്താം. കാരണം D ഓപ്ഷനില്‍ മാത്രമാണ് ii ഇല്ലാത്തത്.
പ്രസ്താവന ശരിയോ തെറ്റോ എന്ന് കണ്ട് പിടിക്കുന്നതിന് ചോദ്യകര്‍ത്താവിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാല്‍ മതി. ഒരു ചോദ്യം സൃഷ്ടിക്കുമ്പോള്‍ ചോദ്യകര്‍ത്താവ് ഏതെങ്കിലും ഒരു പ്രസ്താവനയില്‍ ചില പഴുതുകള്‍ ഇട്ടിട്ടുണ്ടാകും. ഉദാഹരണം: ഈ വസ്തു കേരളത്തില്‍ മാത്രം കാണപ്പെടുന്നു എന്നൊരു പ്രസ്താവന വന്നാല്‍ അതിലെ മാത്രം എന്ന വാക്ക് ഒരു സൂചനയാണ്. ആ ഒരു തുമ്പില്‍ പിടിച്ച് കയറണം.
ഇങ്ങനെയുള്ള കുറുക്കു വിദ്യകളിലൂടെ രണ്ടാം റൗണ്ടില്‍ 30 മുതല്‍ 40 വരെ ചോദ്യങ്ങള്‍ ചെയ്യണം. ചെയ്ത പത്ത് ചോദ്യങ്ങളില്‍ ആറെണ്ണം തെറ്റും 4 എണ്ണം ശരിയുമാണെങ്കില്‍ തെറ്റിയ ചോദ്യങ്ങള്‍ക്ക് 2 മാര്‍ക്ക് കുറയുകയും ശരിയായ നാല് ചോദ്യങ്ങള്‍ക്ക് നാല് മാര്‍ക്ക് ലഭിക്കുകയും ചെയ്യും. അതായത് പത്ത് ചോദ്യങ്ങള്‍ളില്‍ നിന്ന് 2 മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിക്കും. നെഗറ്റീവ് പേടിച്ച് ആ ചോദ്യങ്ങള്‍ ഉപേക്ഷിച്ചിരുന്നെങ്കില്‍ കിട്ടേണ്ട രണ്ടു മാര്‍ക്കു കൂടി നഷ്ടപ്പെടുമായിരുന്നു. സമര്‍ത്ഥരായി ശ്രമിക്കുന്നവരാണ് മത്സരപരീക്ഷകളില്‍ വിജയിക്കുക.
ഓപ്ഷന്‍ എലിമിനേഷന്‍ മെത്തേഡ് കേള്‍ക്കുമ്പോള്‍ എളുപ്പമുള്ളതാണെങ്കിലും നിരന്തരമായി പരിശീലനം നടത്തിയാല്‍ മാത്രമെ അതിലൂടെ മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിയു എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
(Pedagogy Learning app – പാര്‍ട്ണറാണ് ലേഖകന്‍)