ഫുട്‌ബോളിന്റെ നയതന്ത്രം
ഫുട്‌ബോള്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി ദോഹയിലെ ഖലീഫ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇറാന്റെ ദേശീയഗാനം മുഴങ്ങിയപ്പോള്‍ ടീം അംഗങ്ങള്‍ മൗനം പാലിച്ച് നിര്‍വികാരരായി നിന്നത് വലിയ വാര്‍ത്തയായിരുന്നു. ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്നും ടീം വിട്ടുനിന്നതെന്ന് ക്യാപ്റ്റന്‍ അലിറിസാ ജഹാന്‍ ബാഖ്ഷ് പിന്നീട് പറഞ്ഞു. ഫുട്‌ബോള്‍ ഒരു കായിക വിനോദത്തിനപ്പുറം സമരമാര്‍ഗവും നയതന്ത്ര ആയുധവുമാണെന്ന് ചരിത്രം ഓര്‍മിപ്പിക്കുന്നു.
മറ്റു രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ക്കായി ഫുട്‌ബോളിനെ ആദ്യമായി ഉപയോഗിക്കുന്നത് ബ്രസീലാണ്. 1950-കളോടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കാന്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന് കഴിഞ്ഞു. യൂറോപ്പിലെ വിവിധ ഫുട്‌ബോള്‍ ക്ലബുകളില്‍ കളിക്കാന്‍ ബ്രസീലിയന്‍ താരങ്ങള്‍ക്ക് വ്യാപകമായി ക്ഷണം ലഭിച്ചു തുടങ്ങി. യൂറോപ്യന്‍ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുവാന്‍ ഈ അവസരം ബ്രസീലിയന്‍ സര്‍ക്കാര്‍ ഉപയോഗിച്ചു. താരങ്ങള്‍ക്ക് യൂറോപ്യന്‍ ക്ലബുകളില്‍ കളിക്കാന്‍ വേഗത്തില്‍ അനുമതി നല്‍കി. അതോടെ യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബ്രസീലിന്റെ ബന്ധങ്ങള്‍ മെച്ചപ്പെട്ടു. ആ നയം ബ്രസീല്‍ ഇന്നും തുടരുന്നു. 2500-ല്‍ അധികം ബ്രസീലിയന്‍ കളിക്കാന്‍ ലോകമെമ്പാടുമുള്ള വിവിധ ക്ലബുകള്‍ക്കായി കളിക്കുന്നുണ്ട്.
1997ല്‍ ഫ്രഞ്ച് പ്രസിഡന്റ് ജാക്കോ സ്റ്റിറാക്ക് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബ്രസീല്‍, ഉറുഗ്വേ, പരാഗ്വേ, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഈ രാജ്യങ്ങളുമായുള്ള നയതനന്ത്രബന്ധം മെച്ചപ്പെടുത്തുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഫ്രഞ്ച് ഫുട്‌ബോള്‍ താരമായ മിഷേല്‍ പ്ലാറ്റിനിയേയും പ്രസിഡന്റ് ഒപ്പം കൂട്ടിയിരുന്നു. ആ സന്ദര്‍ശനം വലിയ വിജയമായി. വലിയ സ്വീകാര്യത ഫ്രാന്‍സിന് ലഭിച്ചു. അതിന് പ്രധാന കാരണം പ്ലാറ്റിനിയുടെ സാനിധ്യമായിരുന്നു. മിഷേല്‍ പ്ലാറ്റിനിക്ക് നിരവധി ആരാധകര്‍ ആ രാജ്യങ്ങളില്‍ ഉണ്ടായിരുന്നു.
പോര്‍ച്ചുഗലും സ്‌പെയ്‌നും തമ്മില്‍ നിരവധി നയതന്ത്ര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. അതിനൊരു മാറ്റം വന്നു തുടങ്ങിയത് പോര്‍ച്ചുഗീസ് താരങ്ങള്‍ സ്പാനിഷ് ലീഗില്‍ കളിക്കാന്‍ ആരംഭിച്ചതോടെയാണ്. പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വളരെ മെച്ചപ്പെട്ടു. 2002ല്‍ ജപ്പാനും സൗത്ത് കൊറിയയും ചേര്‍ന്നാണ് ഫുട്‌ബോള്‍ ലോകകപ്പിന് വേദിയൊരുക്കിയത്. അതേ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വളരെയധികം മെച്ചപ്പെട്ടു. ഒരുകാലത്ത് ആഭ്യന്തര കലഹങ്ങളാല്‍ കലുഷിതമായിരുന്നു ലൈബീരിയയെ ഫുട്‌ബോളുകൊണ്ട് ഒന്നിപ്പിച്ചത് ഫുട്‌ബോള്‍ താരമായിരുന്ന ജോര്‍ജ് വിയാണ്. ഇപ്പോള്‍ ലൈബീരിയയുടെ പ്രസിഡന്റാണ് അദ്ദേഹം.
സ്വന്തം രാജ്യം വിട്ട് മറ്റൊരു രാജ്യത്തേക്ക് കുടിയേറി അവിടുത്തെ ദേശീയ താരമായി വളരുന്ന കാഴ്ച മിക്കപ്പോഴും ഫുട്‌ബോള്‍ ലോകത്ത് മാത്രമേ കാണാന്‍ കഴിയൂ. ഫ്രാന്‍സിലെ മികച്ച ഫുട്‌ബോള്‍ താരമായിരുന്ന സിനദീന്‍ സിദാനും, ഫ്രഞ്ച് സ്‌ട്രൈക്കറും ബാലണ്‍ ദി ഓര്‍ പുരസ്‌ക്കാര ജേതാവുമായ കരിം ബെന്‍സേമയും അള്‍ജീരിയന്‍ വംശജരാണ്. ജര്‍മ്മനിയുടെ ദേശീയ താരമായി വളര്‍ന്ന മെസ്യൂട്ട് ഓസില്‍ തുര്‍ക്കി വംശജനാണ്.
രാജ്യത്തെ ഒന്നിപ്പിക്കാനും അഖണ്ഡത മെച്ചപ്പെടുത്താനും ഫുട്‌ബോളിന് കഴിഞ്ഞിട്ടുണ്ട്. 1980ല്‍ ഇംഗ്ലണ്ടില്‍ ഒരു സര്‍വേ നടന്നു. എന്തുകൊണ്ട് ഇംഗ്ലീഷുകാരനായതില്‍ അഭിമാനിക്കുന്നു എന്നതായിരുന്നു സര്‍വേയുടെ പ്രധാന ചോദ്യം. ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ടീം മികച്ചതായിരുന്നതുകൊണ്ട് ഇംഗ്ലീഷുകാരനാണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നു എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.
ഐക്യരാഷ്ട്രസഭയില്‍ 193 അംഗങ്ങള്‍ മാത്രമുള്ളപ്പോള്‍ ഫിഫയില്‍ 211 അംഗരാജ്യങ്ങളുണ്ട്. ലോകരാജ്യങ്ങളെ സ്വാധീനിക്കാന്‍ ഫുട്‌ബോളിന് കഴിയുമെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഫുട്‌ബോള്‍ യുദ്ധത്തിനിടയാക്കിയ സംഭവവും ചരിത്രത്തിലുണ്ട്. 1969ല്‍ എല്‍സാല്‍വഡോറും ഹോണ്ടുറാസും തമ്മില്‍ യുദ്ധമുണ്ടായതിന് കാരണം ഫുട്‌ബോളായിരുന്നു. 100 മണിക്കൂര്‍ യുദ്ധം എന്ന് അത് അറിയപ്പെട്ടു. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഹോണ്ടുറാസ് വിജയിച്ചതോടെ കാണികള്‍ തമ്മില്‍ സംഘര്‍ഷമാകുകയും പിന്നീടത് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു. 2009-ല്‍ സുഡാനില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അള്‍ജീരിയയും ഈജിപ്തും ഏറ്റുമുട്ടി. മത്സരശേഷം ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ മോശമായി ബാധിച്ചു. വേദി സുഡാനില്‍ ആയിരുന്നതുകൊണ്ട് സുഡാനും ഈജിപ്തുമായുള്ള ബന്ധവും വളരെ മോശമായി.