പരീക്ഷാ പരിശീലന ആപ്പുകളില്‍ നിന്ന് പിഎസ്‌സി ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയെന്ന് ആരോപണം. 2023 ജൂലൈ 25ന് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നടത്തിയ മെക്കാനിക്കല്‍ എന്‍ജിനീയറിങ് (Cat. Number:065/2021, Question Code: 129/2023) പരീക്ഷയിലെ 60 ശതമാനം ചോദ്യങ്ങളും വിവിധ ആപ്പുകളില്‍ നിന്ന് ഓപ്ഷനുകള്‍ പോലും മാറ്റാതെ അതേപടി പകര്‍ത്തിയെന്ന് പരീക്ഷയെഴുതിയ ഒരുകൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
”മറ്റ് ബ്രാഞ്ചുകളിലേക്കുള്ള ലെക്ച്ചറര്‍ പരീക്ഷകള്‍ നിലവാരം പുലര്‍ത്തിയപ്പോള്‍ മെക്കാനിക്കല്‍ വിഭാഗത്തിലേക്കുള്ള പരീക്ഷയിലെ ചോദ്യങ്ങള്‍ ഭൂരിഭാഗവും പകര്‍ത്തിയെഴുതപ്പെട്ടവയും ബുദ്ധിമുട്ട് കുറഞ്ഞ രീതിയിലുമാണ് വന്നത്. ഉയര്‍ന്ന നിലവാരം പുലര്‍ത്തേണ്ട പരീക്ഷയില്‍ വളരെ ഉയര്‍ന്ന മാര്‍ക്കുകള്‍ ലഭ്യമാവുന്ന സ്ഥിതിയാണ്. ചോദ്യാവലി ഉണ്ടാക്കുമ്പോള്‍ പാലിക്കേണ്ട കോപ്പി -പേസ്റ്റ് ചെയ്യരുത് എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് ചോദ്യങ്ങള്‍ ഇട്ടിരിക്കുന്നത്. വര്‍ഷങ്ങളോളം അധ്വാനിച്ചു വിഷയത്തില്‍ ഗ്രാഹ്യം ഉണ്ടാക്കിയവരെ അവഹേളിക്കുന്നതും, ചില പ്രത്യേക ഗൈഡുകളോ ആപ്പുകളോ കൈവശം ഉള്ളവര്‍ക്ക് വിജയ സാധ്യത കൂടുതല്‍ നല്‍കുന്ന രീതിയിലാണ് ഈ പരീക്ഷ പിഎസ്‌സി നടത്തിയത്.” – ഒരു ഉദ്യോഗാര്‍ത്ഥി പറഞ്ഞു.
സമാന പരാതി നേരിട്ട ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, പ്ലംബര്‍ പരീക്ഷകള്‍ പിഎസ്‌സി റദ്ദാക്കിയിരുന്നു. സെപ്റ്റംബറില്‍ വീണ്ടും പരീക്ഷ നടത്തും. കഴിഞ്ഞ മേയില്‍ നടന്ന അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷ ചോദ്യ പേപ്പറിനെതിരെയും ഇതേപൊലെ പരാതി ഉയര്‍ന്നിരുന്നു.