PSC പരീക്ഷ രീതിയിലെ മാറ്റം ഇതിനകം തന്നെ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിച്ചിരിക്കും. പഴയ വണ്‍ വേഡ് ചോദ്യങ്ങള്‍ക്ക് പകരം 2019 മുതല്‍ സ്റ്റേറ്റ്‌മെന്റ് ബേസ്ഡ് ചോദ്യങ്ങളാണ് ചോദ്യപേപ്പറുകളില്‍ കൂടുതലായും കാണുന്നത്. വണ്‍ വേഡ് ചോദ്യങ്ങള്‍ ഓര്‍മ്മശക്തി പരീക്ഷിക്കുമ്പോള്‍ സ്‌റ്റേറ്റ്‌മെന്റ് ചോദ്യങ്ങള്‍ ചിന്താശേഷിയെ പരീക്ഷിക്കുന്നു.
ചോദ്യശൈലികള്‍ മാറിയതോടെ പലരുടെയും മനസില്‍ ഉയരുന്ന ചോദ്യമാണ് ‘എനിക്ക് ഇനി പിഎസ് സി പറ്റുമോ?’ ‘ഇനി സിവില്‍ സര്‍വീസ് രീതിയില്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ പിഎസ്‌സിയും കിട്ടൂ…’ എന്നാല്‍ ഇതെല്ലാം വെറും തെറ്റിദ്ധാരണകളാണ്. പരീക്ഷാ ശൈലിയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പഠിച്ചാല്‍ ആര്‍ക്കും വിജയിക്കാവുന്ന പരീക്ഷ മാത്രമാണ് പിഎസ്‌സി.

ഉപേക്ഷിക്കേണ്ടത്
ചിലര്‍ പിഎസ് സി പരീക്ഷയ്ക്ക് ഒരുങ്ങുന്നത് ഒരു റാങ്ക് ഫയല്‍ വാങ്ങി ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ മനപാഠമാക്കിയാണ്. അതിനൊപ്പം കുറച്ച് ആവര്‍ത്തന ചോദ്യങ്ങളും പഠിക്കും. ഈ ഒരു രീതി ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചു.
എങ്ങനെ പഠിക്കണം
എല്‍ജിഎസ്, എസ്എസ്എല്‍സി, പ്ലസ്ടു പ്രിലിമിനറി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ ആറാം ക്ലാസ് മുതലുള്ള എസ് സിഇആര്‍ടി ടെസ്റ്റ് ബുക്ക് നിര്‍ബന്ധമായും വായിച്ച് പഠിക്കണം. റാങ്ക് ഫയല്‍ റഫറന്‍സിനായി വേണമെങ്കില്‍ ഉപയോഗിക്കാം. ഡിഗ്രി യോഗ്യതയുള്ള പരീക്ഷകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ എന്‍സിഇആര്‍ടി ബുക്കുകളും ലക്ഷ്മികാന്ത് പോലുള്ള പബ്ലിഷര്‍മാരുടെ ടെസ്റ്റ് ബുക്കുകളും ഉപയോഗപ്പെടുത്തണം.
പഠനം സിലബസ് അനുസരിച്ച്
ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ ചോദ്യകര്‍ത്താക്കള്‍ക്ക് പിഎസ്‌സി നല്‍കുന്നത് സിലബസാണെന്ന് ഓര്‍ക്കുക. റാങ്ക് ഫയലോ, ടെക്‌സ്റ്റ് ബുക്കോ അല്ല ചോദ്യങ്ങളുണ്ടാക്കാന്‍ നല്‍കുന്നത്. അതിനാല്‍ സിലബസിലെ ഓരോ വാക്കും വ്യക്തമായി പഠിച്ച് നോട്ട് തയ്യാറാക്കുക. പഠനമുറിയില്‍ സിലബസിന്റെ ഒരു കോപ്പി പതിപ്പിക്കുന്നത് നല്ലതാണ്. സിലബസിന്റെ പ്രാധാന്യം മനസിലാക്കാന്‍ ഇക്കഴിഞ്ഞ നവംബറില്‍ നടന്ന എസ്‌ഐ മെയിന്‍സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ പരിശോധിച്ചാല്‍ മതി. സ്‌പെഷ്യല്‍ ടോപിക്‌സ് ചോദ്യങ്ങളില്‍ സിലബസിലെ ഓരോ വാക്കും എടുത്ത് ചോദിച്ചിരിക്കുകയാണ്.
മാര്‍ക്ക് നോക്കി പഠിക്കണം
മാര്‍ക്ക് അനുസരിച്ച് മാത്രം ഒരു ടോപ്പിക് പഠിക്കുക. ഉദാഹരണത്തിന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്ക് മിക്ക പരീക്ഷകളിലും 3 മാര്‍ക്കാണ്. അതിനാല്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരി പഠിക്കുന്നതുപോലെ ആ വിഷയം പഠിക്കേണ്ടതില്ല.
ഊന്നല്‍ മാര്‍ക്ക് സ്‌കോറിങ് ഏരിയകള്‍ക്ക്
ഗണിതം, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങള്‍ക്ക് മിക്ക പരീക്ഷകളിലും പത്തില്‍ കുറയാത്ത മാര്‍ക്കുണ്ട്. ആര്‍ട്‌സ്, ബയോളജി തുടങ്ങി എല്ലാ മേഖലയിലും ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികളും എഴുതേണ്ട പരീക്ഷയായതിനാല്‍ ഈ വിഷയങ്ങള്‍ ഒരു പരിധിക്കപ്പുറം കഠിനമാക്കില്ല. അതിനാല്‍ ഈ മൂന്ന് വിഷയങ്ങള്‍ക്കും കൂടി 30 മാര്‍ക്കാണെങ്കില്‍ 25ല്‍ അധികം മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചാല്‍ നിങ്ങള്‍ പകുതി ജയിച്ചു. മറ്റു വിഷയങ്ങളില്‍ നിന്ന് (70 മാര്‍ക്ക്) 35 – 40 മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചാല്‍ റാങ്ക് ലിസ്റ്റില്‍ ഇടം ഉറപ്പ്.
മുഴുവന്‍ സമയം പഠനം ആവശ്യമോ?
പിഎസ് സി രംഗത്തേക്ക് ആദ്യമായി വരുന്ന പുതിയ ഉദ്യോഗാര്‍ത്ഥിക്ക് നാല് – അഞ്ച് മാസത്തേക്ക് ആവശ്യമെങ്കില്‍ മുഴുവന്‍ സമയ പഠനം നടത്താം. പിന്നീട് താല്‍ക്കാലിക ജോലികള്‍ ചെയ്തുകൊണ്ട് പഠിക്കുന്നതാണ് മെച്ചം. കാരണം ഇപ്പോഴത്തെ പിഎസ്‌സി റിക്രൂട്ട്‌മെന്റ് പരിശോധിച്ചാല്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ കഴിഞ്ഞ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിയമനം ലഭിക്കാന്‍ ചുരുങ്ങിയത് 3 വര്‍ഷമെങ്കിലും വേണ്ടി വരും.
(Pedagogy Learning app – പാര്‍ട്ണറാണ് ലേഖകന്‍)