കോഴിക്കോട്ടെ പയ്യോളി കടപ്പുറത്ത് എന്നും രാവിലെ ഒരു പെണ്‍കുട്ടി ഓടാന്‍ ഇറങ്ങും. ആ കാഴ്ച അന്ന് അവിടുത്തുകാര്‍ക്കൊരു കൗതുമായിരുന്നു. അവര്‍ അവളെ പയ്യോളി എക്‌സ്പ്രസ് എന്ന് വിളിച്ചു. പിന്നീട് അവള്‍ ഇന്ത്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് രാജകുമാരിയായി. അന്നു തുടങ്ങിയ ഓട്ടം ഇന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്റെ അധ്യക്ഷ പദവി വരെ എത്തി നില്‍ക്കുന്നു. പിലാവുള്ളകണ്ടി തെക്കേപറമ്പില്‍ ഉഷ എന്ന പി. ടി. ഉഷ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് ഉഷ.
1964 ജൂണ്‍ 27നാണ് പി. ടി. ഉഷയുടെ ജനനം. അത്‌ലറ്റിക്‌സിനോട് ചെറുപ്പത്തിലെ ഉഷയ്ക്ക് അഭിനിവേശമുണ്ടായിരുന്നു. എട്ടു വയസുള്ള പെണ്‍കുട്ടി എന്നും രാവിലെ കടപ്പുറത്ത് ഓടാന്‍ ഇറങ്ങിയതും അതുകൊണ്ട് തന്നെയായിരുന്നു. ഇ. ബാലകൃഷ്ണന്‍ മാസ്റ്ററായിരുന്നു ആദ്യകാല കോച്ച്. ഉഷയുടെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവ് നടക്കുന്നത് 1976ലാണ്. കണ്ണൂരില്‍ മുന്‍സിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള സ്‌പോട്‌സ് സ്‌കൂള്‍ തുടങ്ങുന്നത് ആ വര്‍ഷമാണ്. ഉഷയടക്കം 40 പെണ്‍കുട്ടികളെ ആദ്യ ബാച്ചിലേക്ക് തെരഞ്ഞെടുത്തു. ഒ. എം. നമ്പ്യാരായിരുന്നു കോച്ച്. 1977ല്‍ കോട്ടയത്തു നടന്ന കായിക മേളയില്‍ നൂറു മീറ്റര്‍ 13 സെക്കന്റുകള്‍കൊണ്ട് ഓടി ദേശീയ റെക്കോഡ് നേടിയ ഉഷ നാലു വര്‍ഷം കൊണ്ട് ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന അത്‌ലറ്റായി വളര്‍ന്നു.
ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങളില്‍ ഏഷ്യയില്‍ നിന്ന് എടുത്തു പറയാവുന്ന പ്രകടനം നടത്തിയ സ്ത്രീകളാരും അക്കാലങ്ങളില്‍ ഉണ്ടായിരുന്നില്ല. ഒരു പക്ഷെ, 1983ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടിയിരുന്നില്ലെങ്കില്‍ പി. ടി. ഉഷയുടെ താരമൂല്യം പതിന്‍മടങ്ങാകുമായിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് രാജ്ഞി എന്ന് ഉഷയെ വിശേഷിപ്പിക്കുന്നു. 100ല്‍ അധികം ദേശീയ അന്തര്‍ ദേശീയ മെഡലുകള്‍ ഉഷ നേടിയിട്ടുണ്ട്. 2022 ജൂലൈ മുതല്‍ രാജ്യസഭാ അംഗമാണ്.
1984ലെ ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സില്‍ നൂറിലൊന്ന് സെക്കന്റിന്റെ വ്യത്യാസത്തിലാണ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലമെഡല്‍ നഷ്ടപ്പെട്ടത്. ഹര്‍ഡില്‍സില്‍ വേണ്ടത്ര പരിചയമില്ലാതിരുന്നതാണ് മെഡല്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പി. ടി. ഉഷ പറഞ്ഞിട്ടുണ്ട്. ”ഞാനും റുമേനിയക്കാരി ക്രിസ്റ്റീനയും ഒരുമിച്ചാണ് ഫിനിഷ് ചെയ്തത്. പക്ഷെ, റിസള്‍ട്ട് വന്നപ്പോള്‍ ക്രിസ്റ്റീനയ്ക്ക് വെങ്കലം. ഫിനിഷ് ചെയ്യുമ്പോള്‍ മുന്നോട്ടൊന്ന് ആഞ്ഞിരുന്നെങ്കില്‍ എനിക്ക് തന്നെ മെഡല്‍ കിട്ടുമായിരുന്നു. ആ ടെക്‌നിക് അന്നെനിക്ക് വശമില്ലായിരുന്നു.”
1985ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് മീറ്റില്‍ 5 സ്വര്‍ണവും 1 വെങ്കലവും നേടി. 4 ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണവും ഉഷ സ്വന്തം പേരില്‍ കുറിച്ചു. പത്മശ്രീയും അര്‍ജുന അവാര്‍ഡും നേടിയിട്ടുണ്ട്. 2000ല്‍ കായിക ലോകത്തു നിന്ന് വിരമിച്ചു. 2002ല്‍ കോഴിക്കോട് കൊയിലാണ്ടിയില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് ആരംഭിച്ചു. പിന്നീട് ഇത് ബാലുശ്ശേരിയിലെ കിനാലൂരിലേക്ക് മാറ്റി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തുന്നു. ടിന്റു ലൂക്ക, ജെസി ജോസഫ്, ജിസ്‌ന മാത്യു എന്നിവരെല്ലാം ഇവിടെ നിന്നുയര്‍ന്ന താരങ്ങളാണ്.
