ഒരു പെണ്‍കുട്ടിയുടെ ദിനാന്ത്യം


അവള്‍ കടയില്‍നിന്നും ഇറങ്ങുമ്പോഴേ മഴ ചാറാന്‍ തുടങ്ങിയിരുന്നു. കുട എടുത്തിരുന്നില്ല. വേനലില്‍ ഇങ്ങനെയൊരുമഴ പ്രതീക്ഷിച്ചതേയില്ല. കറുത്തമേഘങ്ങള്‍ കനംവെച്ചുവരുന്നുണ്ട്. വലിയമഴ പെയ്തേക്കാം. അതിന് മുമ്പ് ബസ് സ്റ്റോപ്പിലെങ്കിലുമെത്തിയാല്‍ മതിയായിരുന്നു.

സന്ധ്യയ്ക്ക് രാത്രിയുടെനിറം. കടയില്‍നിന്നും ഇറങ്ങാന്‍ വൈകി. അല്ലെങ്കിലും അത് അങ്ങനെയാണ്. അല്പം നേരത്തെ ഇറങ്ങണം എന്നുകരുതിയ ദിവസം തിരക്ക് കൂടുതലായിരിക്കും. അമ്മയോട് നേരത്തേവരാം എന്നു പറഞ്ഞതാണ്. പാവം, അമ്മയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ അവളുടെകണ്ണുനിറഞ്ഞുപോയി. ആരുംകാണുന്നില്ലെന്നുറപ്പുവരുത്തി കണ്ണീരൊപ്പി വേഗംനടന്നു.

മഴത്തുള്ളികള്‍ക്ക് കനംവെച്ചു തുടങ്ങി. എല്ലാവരും തിരക്കിലാണ്. ബസ്സ്റ്റോപ്പും, പീടികത്തിണ്ണയും ആളുകളെക്കൊണ്ട് നിറഞ്ഞു. ഇനിഎപ്പോഴാണാവോ ബസ്സ്എത്തുന്നത്. ആളുകളെ കുത്തിനിറച്ചായിരിക്കും അതിന്റെ വരവ്. എങ്ങനെയെങ്കിലും കയറിപ്പറ്റേണ്ടുന്നതിന്റെ കാര്യമോര്‍ക്കുമ്പോള്‍ ആകെ ടെന്‍ഷനാണ്. എല്ലാവരുടേയും കണ്ണ് ഒരേദിശയിലാണ്. ബസ്സ് വരുന്ന ഭാഗത്തേക്ക്.

അവള്‍ ബാഗ്തുറന്ന് അമ്മയുടെ മരുന്നുണ്ടെന്ന് ഒന്നുകൂടി ഉറപ്പു വരുത്തി രാവിലെ വാങ്ങിച്ചുവച്ചതാണ്, ഇല്ലേല്‍ മറന്നുപോകും. കടയിലെ തിരക്കിനിടയില്‍നിന്ന് വൈകിയനേരത്തിറങ്ങുമ്പോള്‍ പിന്നെ ഒന്നും ഓര്‍മയുണ്ടാവില്ല. എങ്ങനെ എങ്കിലും വീട്ടിലൊന്നെത്തിയാല്‍ മതിയെന്നാകും. അമ്മ വഴിക്കണ്ണുമായി കാത്തു കിടക്കുന്നുണ്ടാകും. വലിവും, ശരീരം വിറയലുമായി എത്ര കാലമായി ഇങ്ങനെ. സ്വന്തം കാര്യംതന്നെ ചെയ്യാന്‍കഴിയാതെയായി. രാവിലെ ഭക്ഷണം പാകംചെയ്ത് കട്ടിലിനരികില്‍വെയ്ക്കും. ബാത്ത്റൂമില്‍ പോകാന്‍ കഴിയാത്തതിനാല്‍ അതിനാവശ്യമായ പാത്രങ്ങളും എടുത്തുവെയ്ക്കും. എന്നാല്‍ എന്നെക്കൊണ്ട് അതൊന്നും ചെയ്യിക്കേണ്ടെന്നു കരുതി ഭക്ഷണം കുറച്ചും വെള്ളം കുടിക്കാതെയും അമ്മ കഴിച്ചുകൂട്ടും. ഓര്‍ക്കുമ്പോള്‍ സങ്കടംവരും. ഞാറാഴ്ച മാത്രമാണ് അമ്മയ്ക്ക് അല്പം ഒരുസുഖം തോന്നുന്നത്. അന്ന് ഭക്ഷണവും, വെള്ളവും കൃത്യമായി കഴിക്കാം. ഞാനുള്ളതുകൊണ്ട് ഒന്നിനും ബുദ്ധിമുട്ടില്ല. ഇങ്ങനെ എത്രകാലം?

മുരണ്ടുകൊണ്ട് വന്നുനിന്ന ബസ്സാണ് ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്. എല്ലാവരും ബസ്സിലേക്ക് ഓടിക്കയറാനുള്ള ശ്രമമാണ്. മുന്നിലും പിന്നിലും പുരുഷന്‍മാരുടെ ബഹളമയം. പുരുഷന്‍മാര്‍ക്കിടയിലൂടെ എങ്ങനെയൊക്കെയോ ഞെങ്ങി ഞരങ്ങിക്കയറി. സ്റ്റെപ്പില്‍ നിന്ന് മുകളിലോട്ട് കയറാനിടമില്ല. ശരീരം നനഞ്ഞിരുന്നു. ആളുകളുടെ ഇടയില്‍ ശ്വാസംമുട്ടി അവള്‍ നിന്നു. ഒന്നും കാണുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഇപ്പോഴാണ് അവളെ വിശപ്പ് അലട്ടാന്‍ തുടങ്ങിയത്. ഉച്ചഭക്ഷണം ഇപ്പോഴും ബാഗില്‍ തന്നെഇരിക്കുന്നു. സീസണ്‍ സമയങ്ങളില്‍ ഉച്ചനേരത്ത് ഭക്ഷണംപോലും കഴിക്കാന്‍ സമയം കിട്ടാറില്ല. എങ്കിലും ഏതെങ്കിലും നേരത്ത് നിന്നനില്‍പ്പില്‍ ഭക്ഷണം കഴിക്കാറുണ്ട്. ഇന്ന് അതിനും നേരംകിട്ടിയില്ലെന്നത് ഇപ്പോഴാണ് ഓര്‍ത്തത്.

വഴിയില്‍ ജാഥയുടെ കോലാഹലങ്ങള്‍ കേള്‍ക്കാം. വാഹനങ്ങളെല്ലാം ബ്ലോക്കായി കിടക്കുന്നു. എപ്പോഴാണിനി അവിടെ എത്തുന്നത്. കാര്‍ന്നുതിന്നുന്നവിശപ്പിനെ കശക്കിയെറിഞ്ഞ് ആവലാതി പറയാതെ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായികിടക്കുന്ന അമ്മയെക്കുറിച്ചവള്‍ വേവലാതിപ്പെട്ടു. മഴയിലൂടെജാഥ മന്ദംനീങ്ങുകയാണ്. വാഹനങ്ങളെ തടഞ്ഞിടുന്നതില്‍ എന്തോ ഒരു ആഹ്ലാദം കണ്ടെത്തിയതുപോലെയാണ് അവരുടെനീക്കം. മഴത്തുള്ളികളെ അമര്‍ത്തിത്തുടയ്ക്കുന്ന വൈപ്പറുകള്‍പോലും അക്ഷമകാട്ടുന്നതായി അവള്‍ക്ക് തോന്നി. മുഖത്തുവീണ മഴത്തുള്ളികളെ ഷോളുകൊണ്ട് അവള്‍ അമര്‍ത്തിതുടച്ചു. ഓര്‍ക്കാ
പ്പുറത്തെ മഴയോട് എന്തെന്നില്ലാത്ത പകതോന്നി. ബസ്സ്പതുക്കെ അനങ്ങാന്‍തുടങ്ങിയപ്പോള്‍ എല്ലാവരില്‍നിന്നും ഒരു ദീര്‍ഘനിശ്വാസമുതിര്‍ന്നു. ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് നീണ്ടുവന്ന കണ്ടക്ടറുടെ കൈയിലേക്ക് പ്രയാസപ്പെട്ട് ബാഗ്തുറന്ന് രൂപയെടുത്തു കൊടുത്തു. ബസ്സ് ഓടിത്തുടങ്ങിയപ്പോഴാണ് ഒരാശ്വാസമായത് പുറത്ത് മഴയെങ്കിലും അകത്ത് ചൂടു കൂടുകൂട്ടിയ
പോലെ. ഇപ്പോള്‍ തണുത്ത കാറ്റ് അകത്തേക്ക് കയറുമ്പോള്‍ അല്പം ആശ്വാസമുണ്ട്. അപ്പോഴാണ് അവള്‍ ശ്രദ്ധിച്ചത് ചുറ്റുമുള്ള പുരുഷന്‍മാരുടെ ഇടയില്‍ താന്‍ ഞെങ്ങി ഞരുങ്ങി നില്‍ക്കുകയാണ്. ഒരുസ്ത്രീയാണ് ഇതിനിടയിലെന്ന ഒരുചിന്തപോലുമില്ല ആര്‍ക്കും. ബസ്സിന്റെ ആട്ടത്തിനനുസരിച്ച് ദേഹത്തേക്ക് വന്ന് അമരുകയാണ്. ചില കഴുകന്‍കണ്ണുകള്‍ തന്നിലേക്കു തന്നെയാണെന്ന് അവളറിഞ്ഞു. അത് മറ്റാരേയോ നോക്കുകയാണെന്ന് വിചാരിക്കാനാണ് അവള്‍ ഇഷ്ടപ്പെട്ടത്. ചിലരുടെ ചുണ്ടിന്റെ കോണിലെ അശ്ലീലചിരികളെ കണ്ടില്ലെന്ന് നടിച്ച് അവള്‍ സഹിച്ചുനിന്നു ഈര്‍പ്പമുള്ളകാറ്റ് അല്പം ആശ്വാസം നല്‍കി.

അവളുടെ മനസ്സില്‍ അമ്മമാത്രമാണ്. ആകെ ഭയപ്പെട്ടുകാണും. മഴയുടെ ഇരുട്ട്കാരണം രാത്രിയായതു പോലുണ്ട്. എന്തു ചെയ്യണമെന്നറിയാതെ മനസ്സ് അസ്വസ്ഥതപ്പെട്ടു. ഇറങ്ങി ഓടിയാലോ എന്നുപോലും ചിന്തിച്ചുപോകുന്നു. ബസ്സാണെങ്കില്‍ ഒച്ചിഴയുന്നതു പോലെ എന്ന തോന്നല്‍. ഇനിയുംഎത്രനേരം കഴിയണം. ഒന്നു രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ അകത്തേക്കുകയറി കമ്പിപിടിക്കാം എന്ന നിലയിലായി എന്നിട്ടും ആളുകള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല.

വൈകുന്നേരം എല്ലാവരും വീടുപിടിക്കാനുള്ള തിരക്കിലാണ്. കാറ്റും മഴയും അടങ്ങിക്കഴിഞ്ഞു. മഴക്കാറുകള്‍ മറ്റേതോദേശത്തേക്കെന്നപോലെ വേഗത്തില്‍ തിരക്കിട്ടു നീങ്ങുകയും അവിടം വെളിച്ചം പരക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇരുട്ടുമുറിയില്‍ പെട്ടെന്ന് പ്രകാശം വന്നതുപോലെയാണ് ഇപ്പോള്‍ പടിഞ്ഞാറന്‍ ആകാശം. ഒരുനിമിഷം അവളുടെ കണ്ണ് അതില്‍ തന്നെ ഉടക്കി നിന്നു. ഭക്ഷണമെല്ലാം പാകം ചെയ്ത് മേശയില്‍ ചൂടാറാചായയും പലഹാരവുമായി ഗേറ്റില്‍ കാത്തിരിക്കാറുള്ള അമ്മയെ അവളോര്‍ത്തു. ഗേറ്റില്‍ എത്തിക്കഴിഞ്ഞാന്‍ അതുവരെ താന്‍ വലിയഭാരംപേറുകയാണെന്ന തരത്തില്‍ ബാഗും പുസ്തകവും അമ്മയെ ഏല്‍പ്പിക്കും. കൊച്ചു കുട്ടിയെപ്പോലെ ഇരുകൈയും വീശി ഒച്ചവെച്ച് ചിരിച്ച് രസിക്കും.

പല വീടുകളിലും പോയി ജോലി ചെയ്താണ് തന്നെവളര്‍ത്തിയതെങ്കിലും ദാരിദ്ര്യമെന്താണെന്ന് അറിഞ്ഞിരുന്നില്ല. നല്ല ആഹാരവും നല്ല ഉടുപ്പും മറ്റു കുട്ടികളെക്കാള്‍ ഒട്ടും കുറയാത്ത തരത്തില്‍ സ്‌കൂളിലേക്ക് വിട്ടു അവിടുന്ന് കോളേജിലേക്കും. അമ്മയ്ക്ക് ബന്ധുക്കളെന്നു പറയാന്‍ ഇവിടെ ആരുമില്ല. വര്‍ഷങ്ങള്‍ക്കു മുമ്പേ നാടും വീടും വിട്ട് വന്നതാണ്. ദീനം പിടിപെട്ട് അച്ഛന്‍ മരിച്ചു അതില്‍ പിന്നെ അമ്മയായിരുന്നു എല്ലാം. അന്നിറങ്ങിയതാണ് അമ്മ ജോലിക്ക്. നല്ല മനുഷ്യപ്പറ്റുള്ളവരായിരുന്നു ആ വീടുകളിലെ കൊച്ചമ്മമാര്‍. ദിവസം മൂന്നു വീടുകളിലായി ജോലി ചെയ്തു. നല്ല ഭക്ഷണവും, കൂലിയും കൊടുത്തു. അല്ലലില്ലാതെ ജീവിക്കുകയായിരുന്നു. ഒരു ദിവസം കോളേജ് വിട്ടു വരുമ്പോള്‍ അമ്മയെ ഗേറ്റില്‍ കണ്ടില്ല. തലവേദന കാരണം കിടക്കുകയായിരുന്നു. അന്നു തുടങ്ങിയതാണ് ആശുപത്രിയും മരുന്നും അതിനു ശേഷം ഇന്നുവരെ പരസഹായമില്ലാതെ നടന്നിട്ടില്ല. ജോലിക്കു നിന്ന വീട്ടുകാരെല്ലാം കുറേ സഹായിച്ചു. അസുഖം മാത്രം മാറിയില്ല നിത്യജീവിതത്തിന് കാശില്ലാതെ വന്നപ്പോള്‍ കോളേജില്‍ പോക്കുനിര്‍ത്തി പിന്നെ ജോലി അന്വേഷിച്ചു നടന്നു.

കണ്ടക്ടര്‍ സ്ഥലപ്പേര് വിളിച്ചു പറഞ്ഞപ്പോഴാണ് പരിസരബോധമുണ്ടായത്. തിരക്കിട്ട് ഡോറിനടുത്തേക്ക് നടന്നു. പെട്ടെന്ന് ഒരു കൈ അവളുടെ ചുമലില്‍ തൊട്ടു ആ കൈയ്യെ ശക്തിയായി തട്ടിമാറ്റിക്കൊണ്ട് അവള്‍ ഇറങ്ങി ആരുടേതെന്ന് തിരിഞ്ഞു നോക്കുവാന്‍ പോലും അവള്‍ മെനക്കേട്ടില്ല. അമ്മ മാത്രമാണ് അവളുടെ ഉള്ളില്‍ ബസ്സ് മുന്നോട്ടു നീങ്ങിയപ്പോള്‍ അവള്‍ റോഡ് ക്രോസ് ചെയ്ത് തന്റെ വഴിയിലേക്കിറങ്ങി. ‘പേടിച്ചു പോയോ പെണ്ണെ?’ – അവള്‍ അവളോടുതന്നെ ചോദിച്ചു, ‘ഇല്ല’ – മനസ്സ് അവളോട് പൊടുന്നനേ മറുപടി പറഞ്ഞു. അവള്‍ക്ക് ചിരിവന്നുപോയി. ആരും കേട്ടില്ലെന്ന് ഉറപ്പുവരുത്തി വീട്ടിലേക്ക് വേഗം നടന്നു.

കഥാകൃത്തിനെ പരിചയപ്പെടാം
രാജു കാഞ്ഞിരങ്ങാട്: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്‌ കാഞ്ഞിരങ്ങാട് സ്വദേശി. തളിപ്പറമ്പ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. ആകാശവാണിയില്‍ കഥ, കവിത അവതരിപ്പിക്കാറുണ്ട്. ടി. എസ്. തിരുമുമ്പ് അവാര്‍ഡ് 2019, ജോമോന്‍ സ്മാരക സാഹിത്യ പുരസ്‌കാരം 2020, കര്‍ഷക തൊഴിലാളി ദേശീയ സമ്മേളന സംസ്ഥാന തല രചനാ മത്സരത്തില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനം (03. 01.2020), തുളുനാട് മാസിക പുരസ്‌കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്‌കാരം, മലയാള രശ്മി മാസിക പുരസ്‌കാരം, കണ്ണൂര്‍ നര്‍മ്മവേദി പുരസ്‌കാരം, ചിലങ്ക സാംസ്‌കാരിക വേദി പുരസ്‌കാരം, യുവ ആര്‍ട്‌സ് ജില്ലാതല പുരസ്‌കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്‌കാരം, KCEU കണ്ണൂര്‍ ജില്ലാതല കവിതാ പുരസ്‌കാരം, വിരല്‍ മാസിക പുരസ്‌കാരങ്ങള്‍ (2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്‌കാരം 2018, വാലെന്റൈന്‍ പുരസ്‌കാരം 2019, സ്‌പെഷ്യല്‍ അവാര്‍ഡ്), കണ്ണൂര്‍ ടാലന്റ് പുരസ്‌കാരം (ഒക്ടോബര്‍ 2021), കേരള വാര്‍ത്താപത്രം (നീര്‍മാതളം) കവിത പ്രത്യേക ജൂറി പുരസ്‌കാരം (2022) തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച പുസ്തകള്‍: ആസുരകാലത്തോടുള്ളവിലാപം, കാള്‍ മാര്‍ക്‌സിന്, കണിക്കൊന്ന (ബാലസാഹിത്യം), ഒരു സ്ത്രീയും പറയാത്തത് എന്നീ കവിതാ സമാഹാരങ്ങള്‍. ‘ബാനത്തെ വിശേഷങ്ങള്‍’ എന്ന നോവല്‍ മലയാള രശ്മി മാസികയിലും, അക്ഷരദീപം മാസികയിലും ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *