ഓണം റിലീസായി എത്തുന്ന നിവിന്‍ പോളി ചിത്രം രാമചന്ദ്ര ബോസ് ആന്റ് കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മികച്ചൊരു കോമഡി ത്രില്ലറായിരിക്കും ചിത്രമെന്ന് പോസ്റ്റര്‍ പങ്കുവച്ച് നിവിന്‍ പോളി ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഹനീഫ് അദേനിയാണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. മിഖായേലിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
എ പ്രവാസി ഹീസ്റ്റ് എന്ന ഹാഷ്ടാഗും ഒരു ചെറിയ വലിയ ഹെയിസ്റ്റ്, ഒരു വലിയ ചെറിയ ഗ്യാങ് എന്ന ക്യാപ്ഷനും വിരള്‍ ചൂണ്ടുന്നത് ഒരു കൊള്ളയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചനയിലേക്കാണ്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം.
ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, മമിത ബൈജു, വിജിലേഷ് തുടങ്ങി പ്രമുഖ താരനിരതന്നെ ചിത്രത്തില്‍ ഒന്നിക്കുന്നു. ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണവും ദുബായിലായിരുന്നു.
പടവെട്ട്, മഹാവീര്യര്‍, തുറമുഖം, സാറ്റര്‍ഡേ നൈറ്റ് തുടങ്ങിയ നിവിന്‍ പോളി ചിത്രങ്ങള്‍ക്ക് തിയറ്ററില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. രാമചന്ദ്ര ബോസ് ആന്റ് കോയിലൂടെ വലിയൊരു തിരിച്ച് വരവാണ് നിവിന്‍ പ്രതീക്ഷിക്കുന്നത്. ഓണം റിലീസായി എത്തുന്ന ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്തയോടൊപ്പമാകും നിവിന് മത്സരിക്കേണ്ടി വരിക.