വിമാനത്തില്‍ മദ്യമെത്തിയ കഥ


അമേരിക്കന്‍ ബാങ്കിങ് സ്ഥാപനമായ വെല്‍സ്്പാര്‍ഗോയുടെ ഇന്ത്യന്‍ വൈസ് പ്രസിഡന്റ് ശങ്കര്‍ മിശ്ര വിമാന യാത്രയ്ക്കിടെ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് വലിയ വാര്‍ത്തയായി. ഇതോടെ വിമാനത്തില്‍ എന്തിനാണ് മദ്യം വിളമ്പുന്നതെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ചൂടു പിടിക്കുകയാണ്. സഹയാത്രികരുടെ സുരക്ഷയെ മുന്‍ നിര്‍ത്തി വിമാനത്തില്‍ മദ്യം നിരോധിക്കണമെന്ന് ഒരു പക്ഷം പറയുന്നു.

ശങ്കര്‍ മിശ്ര

വിമാനത്തില്‍ മദ്യം കയറിയത് എങ്ങനെയാണ്? അതിനൊരു ചരിത്രമുണ്ട്. 1920-കളിലാണ് വാണിജ്യ വിമാന സര്‍വീസുകള്‍ ലോകം മുഴുവന്‍ തുടങ്ങുന്നത്. അതുവരെ ദീര്‍ഘദൂര ഗതാഗതത്തിന് കപ്പലുകളായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്. വിമാന സര്‍വീസുകള്‍ തുടങ്ങിയ കാലത്ത് വിമാനത്തില്‍ മദ്യപിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. പിന്നീട് ആളുകള്‍ മദ്യം ഒളിപ്പിച്ച് കൊണ്ടുവന്ന് വിമാനത്തില്‍ വച്ച് രഹസ്യമായി ഉപയോഗിക്കാന്‍ തുടങ്ങി. പ്രത്യേകിച്ച് ഏറെ സമയം വേണ്ടുന്ന യാത്രകളില്‍. അത് വ്യോമയാന സര്‍വീസുകളില്‍ തലവേദന സൃഷ്ടിച്ചു.

1940 തുടക്കത്തില്‍ അമേരിക്കന്‍ ഏവിയേഷന്‍ ബോര്‍ഡ് വിമാനത്തില്‍ മദ്യം വിളമ്പാം എന്ന് തീരുമാനമെടുക്കുന്നു. ഇതേ തുടര്‍ന്ന് അമേരിക്കന്‍ കമ്പനിയായ പാന്‍ആം എയര്‍ലൈന്‍സ് വിമാന യാത്രയില്‍ മദ്യം വിളമ്പി തുടങ്ങി. പത്തു വര്‍ഷം കഴിയുമ്പോഴേക്ക് ഏതാണ്ട് എല്ലാ വിമാന സര്‍വീസ് കമ്പനികളും വിമാനയാത്രയില്‍ മദ്യം സര്‍വ് ചെയ്യാന്‍ ആരംഭിച്ചിരുന്നു.

പാശ്ചാത്യ സ്വാധീനത്താല്‍ ഇന്ത്യയും വ്യോമയാത്രയില്‍ മദ്യം വിളമ്പാന്‍ അനുമതിയേകി. 1970 ആയതോടെ യാത്രയ്ക്കിടെ അമിതമായി മദ്യപിക്കുന്നവര്‍ ലോകം മുഴുവന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു തുടങ്ങി. മദ്യപാനത്തിന് ശേഷം വിമാനത്തില്‍ വച്ച് പുകവലിക്കുക, സഹയാത്രികരോട് അപമര്യാദയായി പെരുമാറുക, കോക്ക്പിറ്റിലേക്ക് കയറാന്‍ ശ്രമിക്കുക, ലൈംഗിക അതിക്രമം, നഗ്നതാ പ്രദര്‍ശനം, അക്രമവാസന എന്നിങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പരാതികള്‍ കൂടി വന്നു. എങ്കിലും വിമാനത്തില്‍ മദ്യം നിരോധിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ മുന്നോട്ടു വരുന്നില്ല.

ചില രാജ്യങ്ങളില്‍ പ്രത്യേകിച്ച് സ്‌കാന്റിനേവിയന്‍ രാജ്യങ്ങളില്‍ ട്രാഫിക് ലൈന്‍ സിസ്റ്റം നിലവിലുണ്ട്. മഞ്ഞ, പച്ച, ചുവപ്പ് എന്നിങ്ങനെ ആളുകളെ തരംതിരിക്കും. മദ്യപിച്ച് മര്യാദക്കാരായിരിക്കുന്നവരെ ഗ്രീന്‍ ലൈറ്റായി ഗ്രൂപ്പ് ചെയ്തിരിക്കുന്നു. അവര്‍ക്ക് മദ്യം എത്രവേണമെങ്കിലും നല്‍കും. ചെറിയ പ്രശ്‌നക്കാരാണ് യെല്ലോ ലൈറ്റില്‍ ഉള്‍പ്പെടുന്നത്. അവര്‍ക്ക് ഒരു ലിമിറ്റ് കഴിഞ്ഞാല്‍ മദ്യം നല്‍കില്ല. വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുള്ള ആളുകളെ റെഡ് ലൈറ്റില്‍ ഉള്‍പ്പെടുത്തുന്നു. അവര്‍ക്ക് മദ്യം നല്‍കാറില്ല.

റിച്ചാര്‍ഡ് ബ്രാന്‍ഡ്‌സണിന്റെ വെര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തില്‍ ഒരു ബാര്‍ തന്നെ ഒരുക്കിയിട്ടുണ്ട്. ആളുകള്‍ക്ക് യഥേഷ്ടം മദ്യപിക്കാം.

വിമാനത്തിലെ മദ്യനിരോധനത്തിന് വ്യോമയാന മന്ത്രാലയങ്ങള്‍ പച്ചക്കൊടി കാണിക്കാത്തതെന്താണെന്ന് തിരയുകയാണെങ്കില്‍ കണ്ടെത്താന്‍ കഴിയുന്നത് മദ്യ വില്‍പ്പന ഒരു അധിക വരുമാനം കമ്പനികള്‍ക്കും അതിന്റെ നികുതി വഴി ഒരു വരുമാനം ബന്ധപ്പെട്ട സര്‍ക്കാരുകള്‍ക്കും ലഭിക്കുന്നു എന്നതാണ്. ഈ വാണിജ്യ താല്‍പ്പര്യംകൊണ്ടു തന്നെ വിമാനത്തിലെ മദ്യ നിരോധനം ഉടനൊന്നും നടപ്പിലാകില്ലെന്ന് വ്യക്തം.


Leave a Reply

Your email address will not be published. Required fields are marked *