റോഡ് കുളിക്കുമോ? ആശ്ചര്യപ്പെടേണ്ട. അത്തരമൊരു റോഡ് ദക്ഷിണ കൊറിയയിലുണ്ട്. നിശ്ചിത ഇടവേളകളില്‍ വെള്ളം ചീറ്റിത്തെറിപ്പിച്ച് സ്വയം വൃത്തിയാക്കുന്ന റോഡാണ് ദക്ഷിണകൊറിയയില്‍ നിര്‍മിച്ചിരിക്കുന്നത്. റോഡിന്റെ വശങ്ങളിലും മധ്യത്തിലും സ്ഥാപിച്ചിരിക്കുന്ന റിഫ്‌ളക്ടറുകള്‍ വെള്ളം ശക്തിയായി പമ്പ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ നവീകരിച്ചാണ് ‘കുളിക്കുന്ന റോഡ്’ സാധ്യമാക്കിയത്. റോഡിന് കുളിക്കാന്‍ എന്തുമാത്രം വെള്ളം വേണ്ടിവരും എന്നാണോ ചിന്തിക്കുന്നത്. അതിലുമുണ്ടൊരു കൊറിയന്‍ ടച്ച്. റോഡ് വൃത്തിയാക്കാനായി അവര്‍ ഉപയോഗിക്കുന്നത് ഫാക്ടറികളിലും മില്ലുകളിലുമെല്ലാം ഉപയോഗിച്ച ശേഷം പുറംതള്ളുന്ന വെള്ളമാണ്.
കൃത്യമായ ഇടവേളകളില്‍ റിഫ്‌ളക്ടറുകളിലൂടെ വെള്ളം പമ്പ് ചെയ്യും. വാഹനങ്ങള്‍ മൂലമുള്ള മലിനീകരണം കുറയ്ക്കാനും വായൂ മലിനീകരണം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. കൂടാതെ ഫാക്ടറികളിലും മറ്റുമുള്ള ഉപയോഗ ശൂന്യമായ വെള്ളവും ഈ പദ്ധതിയിലൂടെ പുറംതള്ളാന്‍ സാധിക്കുന്നു. 2015ലാണ് ഇത്തരമൊരു റോഡ് ദക്ഷിണ കൊറിയ വികസിപ്പിച്ചത്.