സിനിമാ സമരം മലയാളികള്‍ക്ക് പുത്തരിയല്ലെങ്കിലും അങ്ങ് ഹോളിവുഡില്‍ അങ്ങനെയല്ല കാര്യം. 1960ന് ശേഷം ആദ്യമായാണ് ഇത്ര വലിയ സമരത്തിന് ഹോളിവുഡ് സാക്ഷ്യം വഹിക്കുന്നത്.
ഓണ്‍ലൈന്‍ സ്ട്രീമിങ് ഫ്‌ളാറ്റ്‌ഫോമുകളുടെ സ്വീകാര്യത താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും വരുമാനത്തില്‍ ഇടിവുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ സ്ട്രീമിങ് ഫ്‌ളാറ്റ്‌ഫോമുകളുടെ ലാഭ വിഹിതത്തിന്റെ നിശ്ചിത ശതമാനം അണിയറ പ്രവര്‍ത്തകരുമായി പങ്കിടണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. മുമ്പൊക്കെ സീരീസുകള്‍ മാസങ്ങളോളം നീണ്ടു നില്‍ക്കുന്നവയായിരുന്നു. ടിആര്‍പി റേറ്റിങ് അനുസരിച്ച് എഴുത്തുകാര്‍ക്കും സംവിധായകനുമൊക്കെ കൂടുതല്‍ പ്രതിഫലം ലഭിച്ചിരുന്നു. ഓണ്‍ലൈന്‍ സ്ട്രീമിങ് ഫ്‌ളാറ്റ്‌ഫോമുകളുടെ രംഗപ്രവേശനത്തോടെ അഞ്ച് മുതല്‍ ആറ് വരെ എപ്പിസോഡുകളുള്ള സീരിസുകള്‍ക്ക് സ്വീകാര്യത ലഭിച്ചു. ഇത്രയും എപ്പിസോഡുകള്‍ ഒരുമിച്ച് അപ്‌ലോഡ് ചെയ്യുന്നതോടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിക്കേണ്ട അധിക പ്രതിഫലം ഇല്ലാതെയായി. കൂടാതെ ജോലി ദിവസങ്ങളുടെ എണ്ണത്തിലും ഇടിവ് വന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി താരങ്ങളുടെ ശബ്ദവും രൂപവും സൃഷ്ടിക്കരുതെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ്, അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്റ് റേഡിയോ ആര്‍ട്ടിസ്റ്റ്‌സ്, റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക എന്നീ സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി, പാരാമൗണ്ട്, വാര്‍ണര്‍ ബ്രോസ് തുടങ്ങിയ ഓണ്‍ലൈന്‍ സ്ട്രീമിങ് ഫ്‌ളാറ്റ്‌ഫോമുകളെ ലക്ഷ്യം വച്ചാണ് സമരം പ്രഖ്യാപിച്ചത്.
പണിമുടക്ക് ആരംഭിച്ചതോടെ അവതാര്‍, ഗ്ലാഡിയേറ്റര്‍ തുടങ്ങിയ വന്‍കിട ചിത്രങ്ങളുടെ തുടര്‍ ഭാഗങ്ങളുടെ ചിത്രീകരണം അനിശ്ചിതത്വത്തിലായി. ടിവി സീരിയലുകളുടെ ചിത്രീകരണവും തടസപ്പെട്ടു. റെഡ് കാര്‍പ്പറ്റ് താരനിശകള്‍ റദ്ദാക്കി.