കവര്‍ ചിത്രമായി തിളങ്ങിയ ജയന്‍


സിനിമാ വാര്‍ത്തകളും റിവ്യൂകളും കുത്തി നിറച്ച യൂട്യൂബ് ചാനലുകളുടെ പഴയകാല വേര്‍ഷനായിരുന്നു സിനിമാ വാരികകള്‍. 1975 മുതല്‍ 1985 വരെ നൂറോളം സിനിമാ വാരികകള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. വരുമാനത്തില്‍ മുന്‍നിര പത്രങ്ങളോടൊപ്പം നില്‍ക്കുന്നതായിരുന്നു മിക്ക സിനിമാ വാരികകളും. നെടുമുടി വേണു, ബാലചന്ദ്ര മേനോന്‍ തുടങ്ങി നിരവധി താരങ്ങള്‍ തങ്ങളുടെ കരിയര്‍ ആരംഭിക്കുന്നത് സിനിമാ പത്രപ്രവര്‍ത്തകരായാണ്. പ്രമുഖ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് കട്ട് കട്ട് എന്ന സിനിമാ വാരികയിലെ സബ് എഡിറ്ററായിരുന്നു.

അന്നത്തെ ഹോട്ട് ടോപിക്കായിരുന്നു ജയന്‍. അക്കാലത്ത് ഏറ്റവും അധികം വാരികകളുടെ കവര്‍ ചിത്രങ്ങളായി തിളങ്ങിയത് ജയനായിരുന്നു. അവിവാഹിതനായ ജയനെ മറ്റു നടികളുമായി ബന്ധിപ്പിച്ച് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പാകപ്പെടുത്തിയ മസാലകളായിരുന്നു മിക്ക വാരികകളുടെയും ഉള്ളടക്കം. പക്ഷെ, വളരെ സൗമ്യതയോടെയാണ് ജയന്‍ പത്രക്കാരെ കൈകാര്യം ചെയ്തത്. തന്നെക്കുറിച്ച് മസാലക്കഥകള്‍ പടച്ചു വിടുന്നവര്‍ക്ക് ഇന്റര്‍വ്യൂകള്‍ നല്‍കാന്‍ ജയന്‍ വിസമ്മതിച്ചിരുന്നില്ല.

സൂപ്പര്‍ താരങ്ങളായ നസീറിനും സത്യനും മധുവിനും ലഭിക്കാത്ത സ്വീകാര്യതയാണ് ജയന് വാരികകളുടെ കവര്‍ചിത്രങ്ങളില്‍ ലഭിച്ചത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ 120ല്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. 1980ല്‍ കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് ജയന്‍ കൊല്ലപ്പെടുന്നത്. 1939 ജൂലൈ 25നാണ് ജയന്റെ ജനനം.


Leave a Reply

Your email address will not be published. Required fields are marked *