ഒരു മരുന്നും ഫലിക്കില്ല, മരണം വിതച്ച് സൂപ്പര്‍ ബഗുകള്‍
ഒരു മരുന്നും ഫലിക്കാത്ത രോഗങ്ങളാണ് വരും കാലങ്ങളില്‍ മനുഷ്യരാശി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. സൂപ്പര്‍ ബഗ്‌സ് എന്ന് വൈദ്യലോകം വിളിക്കുന്ന സൂഷ്മാണുക്കള്‍ സൃഷ്ടിക്കുന്ന അണുബാധ നേരിടാന്‍ നിലവിലെ ആന്റി ബയോട്ടിക്കുകളൊന്നും മതിയാകില്ല. ചുരുക്കി പറഞ്ഞാല്‍ ചെറിയ മുറിവ് പോലും മരണ കാരണമായേക്കാവുന്ന അവസ്ഥയിലേക്കാണ് ലോകത്തിന്റെ പോക്ക്. നിലവില്‍ ഒരു വര്‍ഷം 13 ലക്ഷം ആളുകള്‍ സൂപ്പര്‍ ബഗ് അണുബാധയേറ്റ് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2050 ആകുമ്പോഴേക്കും മരണ നിരക്ക് പല മടങ്ങ് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. എല്ലാ വന്‍കരകളിലും സൂപ്പര്‍ ബഗ് അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചികിത്സയ്ക്കുള്ള മെഡിക്കല്‍ പ്രോട്ടോകോള്‍ ഇനിയും വികസിപ്പിച്ചെടുക്കാന്‍ വൈദ്യലോകത്തിന് സാധിച്ചിട്ടില്ല. കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് ലോകരാജ്യങ്ങള്‍ ഒന്നിച്ച് പാരിസ് ഉടമ്പടിയിലൂടെ പരിഹാര നടപടികള്‍ക്ക് തുടക്കമിട്ടതുപോലെ സൂപ്പര്‍ ബഗ് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ലോകരാജ്യങ്ങള്‍ കൈകോര്‍ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയും വൈദ്യശാസ്ത്ര വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

എന്താണ് സൂപ്പര്‍ ബഗ്?
രോഗകാരിയാകുന്ന അതിശക്തരായ ബാക്ടീരിയകളെയും വൈറസുകളെയും ഫംഗസുകളെയുമെല്ലാം സൂപ്പര്‍ ബഗ് എന്ന് വിളിക്കാം. നിലവിലുള്ള ആന്റി ബയോട്ടിക്കുകളൊന്നും തന്നെ ഇവയ്‌ക്കെതിരെ ഫലപ്രദമല്ല. അതുകൊണ്ട് തന്നെ സൂപ്പര്‍ ബഗ് അണുബാധയേറ്റാല്‍ മരണം സുനിശ്ചിതം. ഗവേഷക സംഘം ഈ അടുത്തകാലത്ത് കണ്ടെത്തിയ ഒരു കൂട്ടം സൂപ്പര്‍ ബഗാണ് ഗ്രാം നെഗറ്റീവ് ബാക്ടീരിയ. സെനറ്റോ ട്രോപോമോസാണ് ഈ കൂട്ടത്തിലെ പ്രധാനി. ഡെല്‍ഹിയില്‍ കണ്ടെത്തിയ എന്‍ഡിഎം-1 (ന്യൂ ഡല്‍ഹി മെറ്റലോ ബീറ്റ ലാക്ടാമൈസ് -1) ബാക്ടീരിയ മറ്റൊരു സൂപ്പര്‍ബഗാണ്. ക്ലസ്ബില്ലാ സിജി 307 അമേരിക്കയില്‍ കണ്ടെത്തിയ സൂപ്പര്‍ ബഗാണ്.
എന്തുകൊണ്ട് ഗുരുതരം?
സൈലന്റ് കാരിയര്‍മാര്‍ അതായത് രോഗാണു വാഹകരായ എന്നാല്‍ അണുബാധയേല്‍ക്കാത്തവരിലൂടെയാണ് സൂപ്പര്‍ ബഗ് അണുബാധ പടരുന്നത്. അതുകൊണ്ട് തന്നെ രോഗപകര്‍ച്ച തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ സാധിക്കുന്നില്ല. ഇന്ന് വിപണിയിലുള്ള അതിശക്തമായ ആന്റി ബയോട്ടിക്കുകളെ പോലും മറികടക്കാനുള്ള ശക്തി സൂപ്പര്‍ ബഗുകള്‍ നേടിയിട്ടുണ്ട്. പല രാജ്യങ്ങളിലും ന്യുമോണിയ പടര്‍ത്തുന്ന ബാക്ടീരിയകള്‍ സൂപ്പര്‍ ബഗായി മാറി പ്രതിസന്ധികള്‍ സൃഷ്ടിച്ചതായി റിപ്പോട്ടുകള്‍ വന്നിരുന്നു. തായിലന്റില്‍ മലേറിയ സൂപ്പര്‍ ബഗായി മാറുന്നതിനുള്ള ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ക്ഷയ രോഗം പടര്‍ത്തുന്ന ബാക്ടീരിയ ശക്തി പ്രാപിച്ച് ആന്റി ബയോട്ടിക്കുകള്‍ ഫലിക്കാത്ത അവസ്ഥയിലേക്ക് ചിലയിടങ്ങളില്‍ എത്തിയിട്ടുണ്ട്. ഒരുകാലത്ത് പിടിച്ചുകെട്ടിയെന്ന് നാം വിശ്വസിച്ചിരുന്ന രോഗങ്ങള്‍ പതിന്മടങ്ങ് പ്രഹര ശേഷിയോടെ തിരിച്ചു വരുന്നത് മനുഷ്യരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും.

എങ്ങനെ ഇങ്ങനെയായി?
പെന്‍സിലിന്റെ കണ്ടുപിടുത്തത്തോടെ ആരോഗ്യമേഖലയില്‍ ആന്റി ബയോട്ടിക് വിപ്ലവത്തിന് തുടക്കമിട്ട അലക്‌സാണ്ടര്‍ ഫ്‌ളെമിങ് അന്ന് പറഞ്ഞത്, ആന്റി ബയോട്ടിക്കുകള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉപയോഗിക്കാവൂ. പക്ഷെ, കാലാന്തരത്തില്‍ ആളുകള്‍ ചെറിയ അസുഖങ്ങള്‍ക്കുപോലും ആന്റിബയോട്ടിക്കുകള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. അത് ആന്റി ബയോട്ടിക്കുകള്‍ക്കെതിരെ കരുത്ത് നേടാന്‍ സൂഷ്മാണുക്കള്‍ക്ക് സാഹചര്യമൊരുക്കി.
ഫാര്‍മാ കമ്പനികള്‍ ആന്റി ബയോട്ടിക് ഗവേഷണത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലായെന്നതും സൂപ്പര്‍ ബഗുകളുടെ ഉത്ഭവത്തിന് ഇടയാക്കി. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ നിര്‍മ്മിക്കുന്നതുപോലെ ലാഭകരമല്ല ആന്റി ബയോട്ടിക് ബിസിനസ്. മിക്ക ഫാര്‍മാ കമ്പനികളുടെയും ആന്റി ബയോട്ടിക് ഡിവിഷന്‍ അത്ര ലാഭകരമല്ലായെന്നു കാണാം. അതുകൊണ്ട്തന്നെ ആന്റി ബയോട്ടിക്കില്‍ ഗവേഷണം നടത്താന്‍ കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുമില്ല.
പ്രശസ്ത അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസര്‍ സൂപ്പര്‍ ബഗുകള്‍ക്കെതിരെയുള്ള മരുന്നുകളുടെ ഗവേഷണം ആരംഭിച്ചെങ്കിലും ഫണ്ടിന്റെ ലഭ്യതക്കുറവിനെ തുടര്‍ന്ന് ഗവേഷണം നിര്‍ത്തി വയ്‌ക്കേണ്ടിവന്നു.