ടി സെല്‍ തെറാപ്പി കാന്‍സറിന്റെ അന്തകന്‍


കാന്‍സറിനെതിരെ പൊരുതാന്‍ കീമോതെറാപ്പിക്ക് ബദലായി വികസിച്ചുവരുന്ന നൂതന ചികിത്സാ മാര്‍ഗമാണ് ടി സെല്‍ തെറാപ്പി. ടി സെല്‍ എന്നാല്‍ തൈമസ് ഡിറൈവ്ഡ് സെല്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇതൊരുതരം ശ്വേതരക്താണുവാണ്. ശ്വേതരക്താണുക്കളാണ് രോഗപ്രതിരോധശേഷിയെ നിയന്ത്രിക്കുന്നത്. രോഗാണുക്കള്‍ ശരീരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവയെ നശിപ്പിക്കുകയും ശരീരത്തെ സംരക്ഷിക്കുകയുമാണ് ശ്വേത രക്താണുക്കളുടെ ധര്‍മ്മം.

ഈ ആശയം തന്നെയാണ് ടി സെല്‍ തെറാപ്പിയിലും ഉപയോഗിച്ചിരിക്കുന്നത്. കാന്‍സര്‍ ബാധിതനായ വ്യക്തിയുടെ രക്തത്തില്‍ നിന്ന് ടി സെല്‍ വേര്‍തിരിച്ചെടുക്കും. കസ്റ്റം ബില്‍ഡ് വൈറസുകള്‍ ഉപയോഗിച്ച് ഈ ടി സെല്‍സില്‍ ജനിതക മാറ്റം വരുത്തും. ഏത് കാന്‍സറിന് എതിരെയാണോ പ്രതിരോധം വേണ്ടത് അത് അനുസരിച്ചാകും ടി സെല്‍സില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ഇത്തരത്തില്‍ ജീന്‍ എഡിറ്റിങ് നടത്തിയ ടി സെല്ലുകളെ അസ്ഥിമജ്ജയിലേക്ക് കയറ്റിവിടും. ഇവ കാന്‍സര്‍ ബാധിച്ച കോശങ്ങളെ നശിപ്പിക്കും. അതു വഴി രോഗി കാന്‍സര്‍ മുക്തി നേടും. ഇത്രയുമാണ് ടി സെല്‍ തെറാപ്പിയില്‍ നടക്കുന്നത്.

ശത്രുവിനെ തോല്‍പ്പിക്കണമെങ്കില്‍ ആ ശത്രുവിനെക്കുറിച്ച് നന്നായി പഠിക്കണം എന്നു പറയുന്നതു പോലെ കോശതലത്തിലുണ്ടാകുന്ന കാന്‍സര്‍ എന്ന ശത്രുവിനെ കൂടുതല്‍ അറിയുവാനും കീഴ്‌പ്പെടുത്തുവാനും അതേ തലത്തിലുള്ള, മോഡിഫൈ ചെയ്ത, ടി സെല്ലുകള്‍ക്ക് സാധിക്കുമെന്നാണ് ഇതില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ടി സെല്‍ തെറാപ്പിയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. രക്താര്‍ബുദം, മള്‍ട്ടിപ്പിള്‍ മൈലോമ, ലിംഫോമ എന്നീ കാന്‍സര്‍ രോഗങ്ങളിലാണ് ഈ ചികിത്സാ രീതി പരീക്ഷണ വിജയം നേടിയത്.

അല്‍ഷിമേഴ്‌സ്, ലൂപ്പസ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങി ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ക്കും ടി സെല്‍ തെറാപ്പി ഗുണകരമാണെന്ന് ശാസ്ത്രലോകം പറയുന്നു. എങ്കിലും ടി സെല്‍ തെറാപ്പിയെ സംബന്ധിച്ച ഗവേഷണങ്ങള്‍ ശൈശവദശയിലാണ്. മോഡിഫൈ ചെയ്ത ടി സെല്ലുകള്‍ കാലാന്തരത്തില്‍ മറ്റെന്തെങ്കിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമോയെന്നെല്ലാം പഠനങ്ങള്‍ നടക്കുന്നതേയുള്ളു. അമേരിക്കയിലും ജര്‍മ്മനിയിലും ജപ്പാനിലും ചൈനയിലും ടി സെല്‍ തെറാപ്പി ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യ ഈ ചികിത്സാ രീതിയിലേക്ക് ചെറിയ ചുവടുവെപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

കീമോ തെറാപ്പി ശരീരത്തിലെ മറ്റ് അവയവങ്ങളെ ദോഷകരമായി ബാധിക്കുമെന്നിരിക്കെ ടി സെല്‍ തെറാപ്പി യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ അത്തരം പാര്‍ശ്വഫലങ്ങളില്ലാതെ താരതമ്യേന വേഗത്തില്‍ രോഗമുക്തി നേടാന്‍ സാധിക്കുമെന്നത് കാന്‍സര്‍ രോഗികള്‍ക്ക് പ്രത്യാശ പകരും. വരുന്ന പത്തു വര്‍ഷം കൊണ്ടുതന്നെ കീമോ തെറാപ്പി ടി സെല്‍ തെറാപ്പിക്ക് വഴിമാറുമെന്ന് കരുതാം.

Watch Video Story

Leave a Reply

Your email address will not be published. Required fields are marked *