വിചിത്രമായ പല ശിക്ഷാ രീതികളും പണ്ട് നിലവിലുണ്ടായിരുന്നു. കുറ്റം തെളിയിക്കുവാന്‍ പലവിധത്തിലുള്ള മൂന്നാം മുറകളും പല രാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്നു. അത്തരത്തിലുള്ള ചില ശിക്ഷകളെക്കുറിച്ചും മൂന്നാം മുറകളെക്കുറിച്ചും തുടര്‍ന്നു വായിക്കൂ:
ഇക്കിളി പീഡനം
പേര് കേള്‍ക്കുമ്പോള്‍ ചിരിപ്പിച്ച് കൊല്ലുകയാണെന്ന് തോന്നുമെങ്കിലും ഇക്കിളി പീഡനം ഒരു മൂന്നാം മുറയാണ്. കുറ്റവാളിയെന്ന് സംശയിക്കുന്നയാളുടെ പാദങ്ങള്‍ ഉപ്പ് വെള്ളത്തില്‍ മുക്കിയ ശേഷം പാദത്തിന് അടിയില്‍ ആടുകളെക്കൊണ്ട് നക്കിപ്പിക്കുന്ന രീതിയാണിത്. ആട് നക്കി കാലിലെ തൊലി പൊളിയുമ്പോള്‍ അതിലേക്ക് വീണ്ടും ഉപ്പുവെള്ളം ഒഴിച്ചുകൊടുക്കും. അങ്ങനെ ഗത്യന്തരമില്ലാതെ കുറ്റവാളി സത്യം വെളിപ്പെടുത്തും. റോമാക്കാരുടെ രീതിയായിരുന്നു ഇത്.
ചൈനീസ് ജല പീഡനം
കുറ്റവാളിയെ ചോദ്യം ചെയ്യുമ്പോള്‍ കുടിവെള്ളം നല്‍കാതെ ദീര്‍ഘ നേരമിരുത്തും. പിന്നീട് തലയ്ക്ക് മുകളില്‍ സ്ഥാപിച്ച പാത്രത്തില്‍ നിന്ന് നിശ്ചിത ഇടവേളകളില്‍ രണ്ടു തുള്ളി വെള്ളം മാത്രം വീഴ്ത്തും. ഇങ്ങനെ പീഡിപ്പിച്ച് സത്യം പറയിപ്പിക്കാമെന്ന് ചൈനക്കാര്‍ കരുതിയിരുന്നു.
മുള പീഡനം
ഇതൊതു വധശിക്ഷയാണ്. കുറ്റവാളിയെ മുളയുടെ ചെറിയ തൈകള്‍ക്ക് മുകളിലായി കെട്ടിതൂക്കും. തൈകള്‍ ക്രമേണ വളരുന്നതോടെ കുറ്റവാളിയുടെ ശരീരത്തിലേക്ക് തുളച്ചു കയറും. അങ്ങനെ അയാള്‍ ഇഞ്ചിഞ്ചായി മരിക്കും. ചൈനയിലും ജപ്പാനിലും ഈ രീതി നിലനിന്നിരുന്നെന്ന് അവിടുത്തെ ചില സാഹിത്യ ഗ്രന്ഥങ്ങളില്‍ നിന്ന് മനസിലാക്കാം.
സത്യം തെളിയിക്കാന്‍ എലി
എലിയെ ഉപയോഗിച്ച് സത്യം തെളിയിക്കുന്ന രീതി പണ്ട് നെതര്‍ലന്റില്‍ നിലനിന്നിരുന്നു. കുറ്റവാളിയെ മലര്‍ത്തി കിടത്തി ഒരു പ്രത്യേക തരം എലിക്കൂട് അയാളുടെ വയറിനു മുകളില്‍ ഉറപ്പിക്കും. അടി കാലിയായ കൂട്ടിലേക്ക് എലിയെ നിക്ഷേപിക്കും. പിന്നെ ആ ഇരുമ്പ് കൂട് തീകൊണ്ട് ചൂടാക്കും. അതോടെ രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ കുറ്റവാളിയുടെ വയറ് തുരക്കാന്‍ തുടങ്ങും. ഈ സമയം സത്യം വെളിപ്പെടുത്തിയാല്‍ അയാള്‍ക്ക് ജീവന്‍ രക്ഷിക്കാം. സൗത്ത് അമേരിക്കയിലും ഇത്തരമൊരു മൂന്നാം മുറ നിലനിന്നിരുന്നു.