മൊറാഴ റിസോര്‍ട്ടും ഉക്രൈന്‍ യുദ്ധവും


മൊറാഴ റിസോര്‍ട്ടും ഉക്രൈന്‍ യുദ്ധവും തമ്മില്‍ എന്തു ബന്ധമെന്നാകും ചിന്തിക്കുന്നത്. രണ്ടും തമ്മില്‍ ചെറിയൊരു ബന്ധമുണ്ട്. കണ്ണൂര്‍ മൊറാഴ റിസോര്‍ട്ട് വിവാദത്തെത്തുടര്‍ന്നാണ് മൂലധന പ്രഭുത്വത്തെക്കുറിച്ച് കേരള സമൂഹം കൂടുതലായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍ റഷ്യ – ഉക്രൈന്‍ യുദ്ധത്തിനു പിന്നിലും മൂലധന പ്രഭുത്വമാണെന്നത് വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാം.

പണ്ടെല്ലാം മൂലധന പ്രഭുക്കന്മാര്‍ ഭരണ വര്‍ഗ്ഗത്തെ സ്വാധീനിക്കുന്ന ആളുകളായിരുന്നെങ്കില്‍ ഈ അടുത്തകാലത്തായി ഭരണ വര്‍ഗ്ഗത്തെ നിയന്ത്രിക്കുന്ന ശക്തിയായി മൂലധന പ്രഭുക്കന്മാര്‍ മാറി. മിക്ക ലോകരാജ്യങ്ങളിലും ഈയൊരു ട്രെന്റ് വന്നു കഴിഞ്ഞു.

റഷ്യ – ഉക്രൈന്‍ യുദ്ധത്തില്‍ തകര്‍ന്ന വീട്‌

റഷ്യ – ഉക്രൈന്‍ യുദ്ധത്തന്റെ പെട്ടന്നുണ്ടായ കാരണങ്ങള്‍ നാറ്റോ അംഗമാകാനുള്ള ഉക്രൈന്റെ പരിശ്രമങ്ങളും ഉക്രൈന്റെ അമേരിക്കന്‍ ചായ്‌വും ഉക്രൈനിലെ റഷ്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമാണെങ്കിലും വേരുകള്‍ ചികഞ്ഞു ചെന്നാല്‍ എത്തിനില്‍ക്കുക മൂലധന പ്രഭുത്വത്തിലേക്കാണ്.

യുഎസ്എസ്ആര്‍

1991-ല്‍ 15 രാജ്യങ്ങളായി യുഎസ്എസ്ആര്‍ വിഭജിക്കപ്പെട്ടു. ഈ രാജ്യങ്ങളിലൊന്നും തന്നെ ആദ്യ നാളുകളില്‍ ജനാധിപത്യം പച്ച പിടിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ നിന്ന് മാറിയെങ്കിലും സ്വേച്ഛാധിപത്യ രീതിയിലുള്ള ഭരണ സംവിധാനങ്ങളാണ് ഭൂരുപക്ഷ രാജ്യങ്ങളിലും നിലവില്‍ വന്നത്. എന്നാല്‍ ലാത്വിയ, എസ്റ്റോണിയ, ലിത്വാനിയ എന്നീ രാജ്യങ്ങളില്‍ ജനാധിപത്യം നല്ല രീതിയില്‍ വളര്‍ന്നു വരികയും ഇവര്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമാകുകയും ചെയ്തു.

ഇതേ സമയം റഷ്യയില്‍ ഒരു ഭരണ വര്‍ഗ്ഗം ഉയര്‍ന്നു വന്നു. അതായത് ഒരു ഭരണാധികാരി, അദ്ദേഹത്തിന്റെ ഇഷ്ടടക്കാരായ ഒരു പറ്റം ഭരണ നിര്‍വഹണ പ്രവര്‍ത്തകര്‍, ഭരണാധികാരിയോട് കൂറുപുലര്‍ത്തുന്ന ബിസിനസുകാര്‍, റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ അധ്യക്ഷന്മാര്‍ എന്നിവര്‍ ചേര്‍ന്ന സംവിധാനമാണ് ഭരണവര്‍ഗ്ഗമെന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. 2000 -ന്റെ ആരംഭത്തോടെ ഭരണ വര്‍ഗ്ഗത്തെ മൂലധന പ്രഭുക്കന്മാര്‍ നിയന്ത്രിക്കാന്‍ തുടങ്ങി. ഇത്തരം മൂലധന പ്രഭുക്കന്മാര്‍ റഷ്യന്‍ ഒളിഗാര്‍ക്കുകളെന്ന് അറിയപ്പെട്ടു.

റഷ്യയും കസാഖിസ്ഥാനും കഴിഞ്ഞാല്‍ ഏറ്റവും അധികം വിഭവങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഉക്രൈന്‍. ഒരു പക്ഷെ, കസാഖിസ്ഥാനെക്കാളും വിഭവങ്ങളുള്ളത് ഉക്രൈനിലാണെന്നും പറയപ്പെടുന്നു. കാരണം ഉക്രൈനിലെ വിഭവങ്ങളുടെ അളവ് ഇനിയും തിട്ടപ്പെടുത്തപ്പെട്ടിട്ടില്ല. മാംഗനീസ്, ഇരുമ്പ്, കോള്‍, ടൈറ്റാനിയം, നിക്കല്‍ നിക്ഷേപങ്ങള്‍ ഏറെയുള്ള രാജ്യമാണ് ഉക്രൈന്‍. ലിഥിയം, ജെര്‍മേനിയം, ഗാലിയം, ടൈറ്റാനിയം എന്നിവയുടെ വന്‍ ശേഖരവും ഉക്രൈനിലുണ്ട്. കൂടാതെ ഇനിയും പര്യവേഷണം ചെയ്യപ്പെടാതെയുള്ള നാച്ചുറല്‍ ഗ്യാസ്. ഇത്തരം വിഭവങ്ങള്‍ തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കുന്നതിനായി റഷ്യന്‍ ഒളിഗാര്‍ക്കുകള്‍ പദ്ധതിയിട്ടു. എന്നാല്‍ സമാന്തരമായി ഉക്രൈനിലും മൂലധന പ്രഭുത്വം വളര്‍ന്നു വരുന്നുണ്ടായിരുന്നു. ഉക്രൈനിയന്‍ ഒളിഗാര്‍ക്കുകള്‍ അതിശക്തരായിരുന്നില്ലെങ്കിലും ഉക്രൈനില്‍ അവര്‍ ശക്തമായിരുന്നു.

പെട്രോ പോര്‍ഷങ്കോ

2010ല്‍ വിക്ടര്‍ യാന്‍കോവിച്ച് ഉക്രൈനില്‍ അധികാരത്തിലെത്തി. യൂറോപ്പുമായി ശക്തമായ ബന്ധം സ്ഥാപിക്കണം എന്ന പ്രഖ്യാപനത്തോടെയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. പക്ഷെ, അദ്ദേഹം റഷ്യന്‍ ഒളിഗാര്‍ക്കുകളുടെ അടിമയായി മാറുകയും അതുവഴി റഷ്യന്‍ പ്രസിഡന്റ് പുടിനുമായി നല്ലൊരു ബന്ധത്തിലാകുകയും ചെയ്തു. അത് ഉക്രൈനിയന്‍ ഒളിഗാര്‍ക്കുകളെ സംഘര്‍ഷത്തിലാക്കി. തുടര്‍ന്ന് ഉക്രൈനിയന്‍ ഒളിഗാര്‍ക്കുകള്‍ വിക്ടര്‍ യാന്‍കോവിച്ചിനെതിരെ സമര പരമ്പരകള്‍ ആസൂത്രണം ചെയ്തു. അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും പിന്തുണ ഉക്രൈനിയന്‍ ഒളിഗാര്‍ക്കുകള്‍ക്കു ലഭിച്ചു. സമരം ശക്തമായതോടെ 2014ല്‍ വിക്ടര്‍ യാന്‍കോവിച്ചിന് നാടുവിടേണ്ടതായി വന്നു. അദ്ദേഹം ബലാറസില്‍ അഭയം തേടി.

പിന്നീട് അധികാരത്തിലെത്തിയ പെട്രോ പോര്‍ഷങ്കോ ഒരു ഉക്രേനിയന്‍ ഒളിഗാര്‍ക്കുതന്നെയായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ അമേരിക്കന്‍ ചായ്‌വുള്ളതും യൂറോപ്യന്‍ യൂണിയനോട് ഐക്യമുള്ളതുമായിരുന്നു. ഇത് റഷ്യയെ വല്ലാതെ പ്രകോപിപ്പിച്ചു. അതൊരു യുദ്ധത്തിലേക്കു നയിച്ചു. ആ യുദ്ധത്തില്‍ റഷ്യന്‍ വംശജര്‍ കൂടുതലായി അധിവസിച്ചിരുന്ന ക്രിമിയ, ഡോണ്‍സ്റ്റക്, ലുഹാന്‍സ്‌ക് എന്നീ മൂന്ന് പ്രൊവിന്‍സുകള്‍ റഷ്യ പിടിച്ചെടുത്തു. കൂടാതെ ഇവിടങ്ങളില്‍ ധാരാളം വിഭവങ്ങളും ഉണ്ടെന്നതും ശ്രദ്ധേയമാണ്.

വ്‌ളാഡിമര്‍ സെലന്‍സ്‌കി

പിന്നീട് 2019ല്‍ പെട്രോ പോര്‍ഷങ്കോയെ തോല്‍പ്പിച്ച് വ്‌ളാഡിമര്‍ സെലന്‍സ്‌കി ഉക്രൈനില്‍ അധികാരത്തിലെത്തി. ഇദ്ദേഹവും റഷ്യാ വിരുദ്ധനായിരുന്നു. അന്ന് പുടിന്‍ കണക്കു കൂട്ടിയിരുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും സെലന്‍സ്‌കിയും നല്ല ബന്ധത്തില്‍ അല്ലാതിരുന്നതുകൊണ്ടു തന്നെ അമേരിക്കന്‍ ചായ്‌വ് ഉണ്ടാകില്ലെന്നതായിരുന്നു. പക്ഷെ, കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായതോടെ ഉക്രൈന്റെ അമേരിക്കന്‍ ചായ്‌വ് വര്‍ധിക്കുകയാണുണ്ടായത്. ഉക്രൈനിലെ വിഭവങ്ങളില്‍ കണ്ണുവച്ചിരുന്ന റഷ്യന്‍ ഒളിഗാര്‍ക്കുകള്‍ക്ക് അത് വലിയൊരു അടിയാകുകയും അവരുടെ സ്വാധീനത്താല്‍ റഷ്യന്‍ – ഉക്രൈന്‍ യുദ്ധം വീണ്ടുമുണ്ടാകുകയായിരുന്നെന്നും നിരീക്ഷിക്കുന്നവരുണ്ട്. ചുരുക്കി പറഞ്ഞാല്‍ റഷ്യന്‍ ഒളിഗാര്‍ക്കുകളും ഉക്രേനിയന്‍ ഒളിഗാര്‍ക്കുകളും തമ്മിലുള്ള സംഘര്‍ഷമാണ് യുദ്ധത്തിലേക്ക് നയിച്ചതെന്ന് പറയാം.


Leave a Reply

Your email address will not be published. Required fields are marked *