ക്രൂരതയില്‍ ഹിറ്റ്‌ലറിനെ കടത്തിവെട്ടും, യുദ്ധ നിയമങ്ങള്‍ക്ക് പുല്ലുവില, പുട്ടിന്‍ തുറന്നുവിട്ട വാഗ്നര്‍ ചാത്തന്മാര്‍ ലോകത്തിന് ഭീഷണിയോ?
രണ്ടു വര്‍ഷം മുമ്പ് ഒടിടിയില്‍ തരംഗമായ വെബ് സീരീസായിരുന്നു മണി ഹെയ്റ്റ്‌സ്. ഒരു സംഘം മോഷ്ടാക്കള്‍ ബാങ്ക് ഓഫ് സ്‌പെയിന്‍ കൊള്ളയടിക്കുന്നതും സ്‌പെയിനിന്റെ കരുതല്‍ സ്വര്‍ണം വിദഗ്ധമായി മോഷ്ടിക്കുന്നതുമായിരുന്നു മണി ഹെയ്റ്റ്‌സിന്റെ ഇതിവൃത്തം. സീരീസിന്റെ അവസാന ഭാഗത്ത് മോഷ്ടാക്കളെ കീഴടക്കുന്നതിനായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ടോമായോ സ്പാനിഷ് ആര്‍മി സ്‌പെഷ്യല്‍ കമാന്‍ഡറായ സഗസ്തയുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു. അതിക്രൂരരും കൊടുംക്രിമിനലുകളായ ഒരു കൂട്ടം പട്ടാളക്കാരടങ്ങുന്നതായിരുന്നു സഗസ്തയുടെ സംഘം.

കൊടുംക്രിമിനലുകളും എതിരാളികളോട് അതിക്രൂരമായി പെരുമാറുന്നവരും യുദ്ധമുഖത്തെ മര്യാദകളൊന്നും പാലിക്കാത്തവരുമായ പട്ടാളക്കാരെ സൈന്യത്തില്‍ തുടരാന്‍ അനുവദിക്കുമോ? വെബ്‌സീരീസ് അല്ലേ… ഭാവനയില്‍ എന്തും ആവിഷ്‌ക്കരിക്കാമല്ലോ… എന്നൊക്കെ പറയാന്‍ വരട്ടെ. റഷ്യയുടെ സൈന്യത്തില്‍ അത്തരമൊരു സ്‌ക്വാഡുണ്ട്. വാഗ്നര്‍ ഗ്രൂപ്പ് എന്നാണ് അവര്‍ അറിയപ്പെടുന്നത്.

2014ല്‍ നടന്ന റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ വാഗ്നര്‍ ഗ്രൂപ്പിന്റെ സാന്നിധ്യം അമേരിക്ക തിരിച്ചറിഞ്ഞിരുന്നു. റഷ്യന്‍ പട്ടാളത്തിന്റെ ഭാഗമല്ലാത്ത, എന്നാല്‍ കരാര്‍ അടിസ്ഥാനത്തില്‍ റഷ്യക്കുവേണ്ടി യുദ്ധം ചെയ്യുന്ന ഒരു സംഘത്തെ റഷ്യ വളര്‍ത്തിക്കൊണ്ടു വരുന്നുണ്ടോ എന്ന സംശയമായിരുന്നു അമേരിക്ക അന്ന് ഉന്നയിച്ചത്. എന്നാല്‍ ഇത് സാധൂകരിക്കാനുള്ള തെളിവുകള്‍ നിരത്താന്‍ അമേരിക്കയ്ക്ക് കഴിഞ്ഞില്ല.
2018-ല്‍ സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ അമേരിക്കയും റഷ്യയും യുദ്ധം ചെയ്തിരുന്നു. അമേരിക്ക സഖ്യ കക്ഷികളോടൊപ്പവും റഷ്യ സിറിയന്‍ സര്‍ക്കാരിനൊപ്പവുമായിരുന്നു യുദ്ധം ചെയ്തിരുന്നത്.
പെട്രോളിയം എണ്ണകളാല്‍ സമ്പുഷ്ടമാണ് സിറിയയിലെ ദേര്‍ അല്‍ സോര്‍ പ്രൊവിന്‍സ്. കൊണാക്കോ ഫിലിപ്‌സ് എന്ന അമേരിക്കന്‍ കമ്പനിയാണ് അവിടെ പെട്രോളിയം എണ്ണകളുടെ സാന്നിധ്യം കണ്ടെത്തിയത്. അവര്‍ തന്നെയാണ് അവിടെ ഖനനം നടത്തുന്നതും. ഇസ്ലാമിക് സ്റ്റേറ്റുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിയുടെ പ്ലാന്റുകള്‍ക്ക് സുരക്ഷ ഒരുക്കിയിരുന്നത് അമേരിക്കന്‍ പട്ടാളമായിരുന്നു.
പ്ലാന്റ് ആക്രമിക്കാനായി അഞ്ഞൂറോളം പട്ടാളക്കാരടങ്ങുന്ന സംഘം ടാങ്കറുകളുമായി വരുന്നുണ്ടെന്ന വിവരം അവിടുത്തെ അമേരിക്കന്‍ പട്ടാളത്തിന് ലഭിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാകും അതെന്നാണ് അവര്‍ കരുതിയത്. വിവരം ലഭിച്ചയുടനെ സൈന്യം പ്രത്യാക്രമണത്തിനും പ്രതിരോധത്തിനുമുള്ള പടനീക്കം ആരംഭിച്ചു.
പ്ലാന്റ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്ന പട്ടാളക്കാരുടെ റേഡിയോ സിഗ്നലുകള്‍ അമേരിക്കന്‍ ഇന്റലിജന്‍സ് പിടിച്ചെടുത്തു. പട്ടാളക്കാരുടെ സംസാര ഭാഷ അറബി അല്ലെന്നും റഷ്യന്‍ ഭാഷയിലാണ് അവര്‍ ആശയവിനിമയം നടത്തുന്നതെന്നും ഇന്റലിജന്‍സ് കണ്ടെത്തി. റഷ്യന്‍ പട്ടാളക്കാരാണോ മാര്‍ച്ചു ചെയ്തു വരുന്നതെന്ന സംശയത്തെ തുടര്‍ന്ന് സിറിയയിലെ റഷ്യന്‍ കമാന്‍ഡുമായി അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ ആശയവിനിമയം നടത്തി. തങ്ങളുമായി ഒരു ബന്ധവുമില്ലാത്ത സംഘമാണ് അതെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേത്തുടര്‍ന്ന് അമേരിക്ക പ്ലാന്റ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്ന സംഘത്തെ ആക്രമിച്ചു. നാനൂറോളം പട്ടാളക്കാരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും റഷ്യന്‍ ഭാഷ സംസാരിക്കുന്നവരാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് അമേരിക്ക നടത്തിയ അന്വേഷണങ്ങളാണ് വാഗ്നര്‍ ഗ്രൂപ്പില്‍ എത്തിയത്.

വാഗ്നര്‍ ഗ്രൂപ്പ് ഒരു സ്വകാര്യ മിലിറ്ററി കമ്പനിയാണ്. വ്‌ളാഡിമര്‍ പുടിനുമായി അടുത്ത ബന്ധമുള്ള, റഷ്യയുടെ മിലിറ്ററി ഇന്റലിജന്‍സില്‍ നിന്നും വിരമിച്ച ഡിമിട്രി ഉഡ്ക്രിനും എവ്ജിനി പ്രികോഷിനുമാണ് വാഗ്നര്‍ ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത്. എവ്ജിനി പ്രികോഷിന്‍ കൊടുംക്രിമിനലും 10 വര്‍ഷത്തോളം ജയില്‍വാസം അനുഭവച്ചയാളുമാണ്. ജയില്‍ മോചിതനായ ശേഷം ചില ബിസിനസുകള്‍ ചെയ്‌തെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ഒരു റെസ്റ്റേറന്റ് ആരംഭിച്ചു. അത് വമ്പന്‍ ഹിറ്റായി. ഒരിക്കല്‍ പുടിന്‍ അവിടെ ഭക്ഷണം കഴിക്കാനെത്തി. പ്രികോഷിന്‍ പുടിനുമായി നല്ലൊരു ബന്ധം സ്ഥാപിച്ചു. പിന്നീട് പുടിന്‍സ് ഷെഫ് എന്ന് പ്രികോഷിന്‍ അറിയപ്പെട്ടു.

2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ചില കളികള്‍ നടത്തിയതായി പറയപ്പെടുന്നു. റഷ്യയ്ക്കുവേണ്ടി എവ്ജിനി പ്രികോഷിനാണ് ഇത്തരത്തില്‍ ഇടപെട്ടത്.
ഡിമിട്രി ഉഡ്ക്രിന്‍ കടുത്ത ഹിറ്റ്‌ലര്‍ ആരാധകനായിരുന്നു. ഹിറ്റ്‌ലറിന്റെ ഇഷ്ട മ്യൂസിക് കംപോസറായ റിച്ചാഡ് വാഗ്നറിന്റെ പേരില്‍ നിന്നുമാണ് ഉഡ്ക്രിന്‍ തന്റെ പുതിയ സംരംഭത്തിന് പേര് കണ്ടെത്തിയത്.
റഷ്യ എന്തിന് ഇത്തരം ഒരു സംഘത്തെ പ്രോത്സാഹിപ്പിക്കുന്നു? കാരണങ്ങള്‍ പലതാണ്. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഏതുനാട്ടിലും പോയി എന്തു ക്രൂരതയും കാണിക്കാന്‍ വാഗ്നര്‍ ഗ്രൂപ്പിലൂടെ സാധിക്കും. അഥവാ പിടിക്കപ്പെട്ടാലും റഷ്യയുമായി ഒരു ഔദ്യോഗി ബന്ധവും ഇവര്‍ പുലര്‍ത്തുന്നില്ലായെന്ന് പുടിന് സ്ഥാപിക്കാനാകും.
അഫ്രിക്കയിലെ പല സ്വേച്ഛാധിപതികളും വാഗ്നര്‍ ഗ്രൂപ്പിന്റെ സഹായങ്ങള്‍ തേടുന്നുണ്ട്. പകരം പെട്രോളിയം ഉല്‍പ്പന്നങ്ങലും സ്വര്‍ണ്ണവും വജ്രവുമെല്ലാം വാഗ്നര്‍ ഗ്രൂപ്പ് കൈപ്പറ്റും. മഡഗാസ്‌ക്കര്‍, വെനിസ്വല, ലിബിയ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വാഗ്നര്‍ ഗ്രൂപ്പ് വളരെ സജീവമാണ്.
ലിബിയയിലെ വിമത വിഭാഗത്തിന്റെ കമാന്ററായ ഖലീഫ ഹഫ്ത്താറിനൊപ്പമുള്ള എവ്ജിനി പ്രികോഷിയുടെ ഫോട്ടോ മാധ്യമങ്ങളില്‍ വന്നതോടെ ലിബിയയില്‍ വാഗ്നര്‍ ഗ്രൂപ്പ് സജീവമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. പ്രികോഷിയുടെ ഉടമസ്ഥതയിലുള്ള എവ്‌റോ പൊളിസ് കമ്പനിയ്ക്ക് സിറിയയില്‍ നിരവധി ഓയില്‍ കരാറുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സിറിയയിലെ സ്വേച്ഛാധിപതിയായ ബഷറുള്‍ അസാദിനായി വാഗണാര്‍ ഗ്രൂപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ പ്രത്യുപകാരമായാണ് എവ്‌റോ പോളിസ് കമ്പനിക്ക് ലഭിച്ച കോണ്‍ട്രാക്ടുകളെ മറ്റു രാജ്യങ്ങളിലെ സുരക്ഷാ നിരീക്ഷകര്‍ കാണുന്നത്. ഉക്രൈനില്‍ അന്‍പതിനായിരത്തിലധികം വാഗ്നര്‍ സൈനികര്‍ യുദ്ധമുഖത്തുണ്ടെന്നാണ് കണക്കുകള്‍.
വിരമിച്ച പട്ടാളക്കാരും കൊടും ക്രിമിനലകളുമാണ് വാഗ്നര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍. റഷ്യയിലെയും അതിര്‍ത്തി രാജ്യങ്ങളിലെയും കൊടുകുറ്റവാളികളാണ് പ്രധാനമായും വാഗ്നര്‍ ഗ്രൂപ്പിലുള്ളത്. കുറ്റവാളികളെ പരിശീലിപ്പിക്കലാണ് വിരമിച്ച പട്ടാളക്കാരുടെ ജോലി. ആഫ്രിക്ക, സിറിയ, ഇറാഖ് തുടങ്ങി ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യങ്ങളിലെ കൊടുംകുറ്റവാളികളും വാഗ്നര്‍ ഗ്രൂപ്പില്‍ അംഗങ്ങളാണ്.
മൂന്ന് മാസം കൂടുമ്പോള്‍ ശരാശരി ഒരു മില്ല്യന്‍ റഷ്യന്‍ റൂബിളാണ് വാഗ്നര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ശമ്പളമായി ലഭിക്കുക. ഇത് ഏകദേശം പതിനാറായിരം ഡോളര്‍ വരും. കൂടാതെ എന്തു ക്രൂരത ചെയ്യാനുള്ള ലൈസന്‍സും!
വാഗ്നര്‍ ഗ്രൂപ്പ് ലോകത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കാരണം, യുദ്ധത്തില്‍ പാലിക്കപ്പെടേണ്ട അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് വാഗ്നര്‍ ഗ്രൂപ്പ് മുന്നോട്ടു പോകുന്നത്. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ വാഗ്നര്‍ ഗ്രൂപ്പിനെതിരായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വ്‌ളാഡിമര്‍ പുട്ടിന്റെ സഹായങ്ങളാണ് വാഗ്നര്‍ ഗ്രൂപ്പിന്റെ ഇന്ധനം.