വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത റഷ്യ സ്ഥിതീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിടാന്‍ റഷ്യയ്ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പല ഊഹാപോഹങ്ങളും ഇതുസംബന്ധിച്ച് നിലനില്‍ക്കുന്നുണ്ട്. പ്രധാനായും 4 തിയറികളാണ് ലോകമാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. വാഗ്നര്‍ ഗ്രൂപ്പിന് കോംഗോ, നൈജര്‍ തുടങ്ങിയ പല ആഫ്രിക്കന്‍ രാജ്യങ്ങളുമായും ഇടപാടുകളുണ്ട്. ആഫ്രിക്കയില്‍ നിന്ന് റഷ്യയിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് വിമാനാപകടം സംഭവിക്കുന്നത്.
തിയറി -1
വിമാനത്തില്‍ നേരത്തെ ബോംബ് വച്ചിരുന്നു എന്നതാണ് ഒന്നാം തിയറിയില്‍ പറയുന്നത്. റഷ്യയില്‍ നിന്നോ ബലാറസില്‍ നിന്നോ ആണ് പ്രിഗോഷിന്‍ ആഫ്രിക്കയിലേക്ക് യാത്ര തിരിക്കുന്നത്. യാത്രയ്ക്ക് മുമ്പു തന്നെ വിമാനത്തില്‍ ബോംബ് സ്ഥാപിച്ചു. ആഫ്രിക്കയില്‍ നിന്ന് തിരികെ റഷ്യന്‍ അതിര്‍ത്തിയിലെത്തിയപ്പോള്‍ വിമാനം പൊട്ടിത്തെറിച്ചു. റഷ്യന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ഈ തിയറി. റഷ്യയില്‍ പ്രിഗോഷിന്‍ നടത്തിയ അട്ടിമറി ശ്രമം ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
തിയറി -2
റഷ്യ – ഉക്രൈന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രണ്ടാമത്തെ തിയറി രൂപീകരിച്ചിട്ടുള്ളത്. യുദ്ധത്തിന്റെ ഭാഗമായി നിരവധി ഇന്റര്‍സെപ്റ്ററുകള്‍ റഷ്യ ഉപയോഗിച്ചിട്ടുണ്ട്. അതുപൊലെ ഒരു ഇന്റര്‍ സെപ്റ്റര്‍ ഉപയോഗിച്ച് വിമാനത്തെ വീഴ്ത്തിയതെന്നാണ് തിയറി പറയുന്നത്. ഇവിടെയും പ്രതി റഷ്യന്‍ സര്‍ക്കാര്‍ തന്നെ. വാഗ്നര്‍ ഗ്രൂപ്പിന്റെ ഭീഷണി എന്നന്നേക്കും ഒഴിവാക്കുക തന്നെ ലക്ഷ്യം.
തിയറി – 3
മൂന്നാമത്തെ തിയറിയില്‍ പറയുന്നത് ഉക്രൈന്റെ ടാര്‍ഗറ്റഡ് അറ്റാക്കിലാണ് പ്രിഗോഷിന്റെ വിമാനം നിലംപതിച്ചതെന്നാണ്. യുദ്ധമുഖത്ത് ടാര്‍ഗറ്റഡ് അറ്റാക്കിന് പേരുകേട്ടവരാണ് ഉക്രൈന്‍ സൈന്യം. ഉക്രൈന്‍ വിരുദ്ധ മുദ്രവാക്യം മുഴക്കിയ റഷ്യയിലെ ചില പ്രമുഖരെ ടാര്‍ഗറ്റഡ് അറ്റാക്കിലൂടെ ഉക്രൈന്‍ കൊലപ്പെടുത്തിയത് ഈയൊരു വാദത്തിന് ആക്കം കൂട്ടുന്നു. വാഗ്നര്‍ ഗ്രൂപ്പ് ഉക്രൈനില്‍ അഴിച്ചുവിട്ട അക്രമങ്ങള്‍ക്കുള്ള തിരിച്ചടിയായി ഇതിനെ കാണാം.
തിയറി – 4
ലോകശ്രദ്ധയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ പ്രിഗോഷിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഒരു വ്യാജഅപകടമാണ് ഇതെന്ന് നാലാമത്തെ തിയറിയില്‍ പറയുന്നു. അപകടത്തില്‍പെട്ട വിമാനത്തില്‍ പ്രിഗോഷിനോട് രൂപസാദൃശ്യമുള്ളയാള്‍ യാത്ര ചെയ്‌തെന്നും മരണപ്പെട്ടത് വ്യാജനാണെന്നും തിയറിയില്‍ വിവരിക്കുന്നു. വിമാനാപകടമായതുകൊണ്ടു തന്നെ മൃതശരീരം തിരിച്ചറിയാന്‍ സാധിക്കില്ലെന്നതും തിയറിയുടെ വിശ്വാസ്യത കൂട്ടുന്നു. പ്രിഗോഷിന് 2 എയര്‍ക്രാഫ്റ്റുകളുണ്ട്. അപകട സമയത്ത് രണ്ടാമത്തെ എയര്‍ക്രാഫ്റ്റ് റഷ്യന്‍ അതിര്‍ത്തിയില്‍ വട്ടംചുറ്റുന്നുണ്ടായിരുന്നു. ഇതാണ് ഇത്തരമൊരു സംശയത്തിന് ആക്കം കൂട്ടിയത്.